3 ഗോൾ ലീഡ് കളഞ്ഞു, ലിവർപൂളിന് സമനില

ജയം ഉറപ്പിച്ച കളികൾ പ്രതിരോധത്തിലെ വൻ പിഴവുകൾ കാരണം കൈവിടുന്ന കളി ലിവർപൂൾ സെവിയ്യയിലും പുറത്തെടുത്തു. 3 ഗോളിന് മുന്നിട്ട് നിന്ന മത്സരം ഒടുവിൽ ലിവർപൂൾ അവസാനിപ്പിച്ചത് 3-3 എന്ന സ്കോറിൽ സമനിലയിൽ. ആക്രമണ നിരയുടെ കരുത്ത് രണ്ടാം പകുതിയിൽ പ്രധിരോധം കൊണ്ടു കൈവിട്ട ലിവർപൂൾ സെവിയ്യ യോട് വഴങ്ങിയ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു എന്നത് ക്ളോപ്പിന് തീർത്തും നിരാശയാവും സമ്മാനിക്കുക. ഇരു ടീമുകളും പോയിന്റ് പങ്കിട്ടതോടെ ലിവർപൂളിന് 9 ഉം സെവിയ്യക്ക് 8 പോയിന്റായി. ഗ്രൂപ്പ് ജേതാക്കളെ അറിയണമെങ്കിൽ ഇനി അവസാന മത്സരം കഴിയുന്നത് വരെ കാത്തിരിക്കണം.

സ്വപ്നതുല്യമായ തുടക്കമാണ് ക്ളോപ്പിന്റെ ടീമിന് ലഭിച്ചത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഫിർമിനോയുടെ ഗോളിൽ മുന്നിലെത്തി. 22 ആം മിനുട്ടിൽ ഫിർമിനോയുടെ പാസ്സ് വലയിലാക്കി സാഡിയോ മാനെ റെഡ്‌സിനെ രണ്ടു ഗോൾ ലീഡിൽ എത്തിച്ചു. ഏറെ വൈകാതെ 30 ആം മിനുട്ടിൽ മാനെയുടെ ഷോട്ട് സെവിയ്യ ഗോളി തടുത്തെങ്കിലും ഫോളോ അപ്പിൽ ഫിർമിനോ ഗോളാക്കിയതോടെ ലിവർപൂൾ അര മണിക്കൂറിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി. പക്ഷെ രണ്ടാം പകുതിയിൽ ലിവർപൂൾ പ്രതിരോധം ആടി ഉലഞ്ഞതോടെ സെവിയ്യക്ക് തിരിച്ചു വരവ് എളുപ്പമായിരുന്നു. 50 ആം മിനുട്ടിൽ എവർ ബനെഗ എടുത്ത ഫ്രീകിക്കിൽ നിന്ന് ബെൻ യാഡർ സെവിയ്യയുടെ തിരിച്ചു വരവിന് ആരംഭം കുറിച്ചു. 60 ആം മിനുട്ടിൽ ബോക്സിൽ അനാവശ്യ ഫൗളിന് മോറെനോ മുതിർന്നതോടെ സെവിയ്യക്ക് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ബെൻ യാഡർ ന്റെ ആദ്യ ഷോട്ട് ഗോൾ ആയെങ്കിലും റഫറി ഫൗൾ വിധിച്ചു. രണ്ടാം കിക്കും പിഴവ് കൂടാതെ താരം ഗോളാക്കി. പിന്നീട് കുട്ടീഞ്ഞോയെയും മോറെനോയെയും ക്ളോപ്പ് പിൻവലിച്ചെങ്കിലും സെവിയ്യയുടെ മൂന്നാം ഗോൾ തടുക്കാൻ ആയില്ല. ഇഞ്ചുറി ടൈമിൽ ലഭിച്ച കോർണർ കിക്കിൽ നിന്ന് ലഭിച്ച അവസരം ബിസാരോ ഗോളാക്കിയതോടെ സെവിയ്യയുടെ തിരിച്ചു വരവ് പൂർത്തിയായി.

ശനിയാഴ്ച പ്രീമിയർ ലീഗിൽ ചെൽസിയെ നേരിടും മുൻപ് വീണ്ടും പ്രതിരോധത്തിലെ വൻ പിഴവുകൾ കാരണം വഴങ്ങിയ സമനില ക്ളോപ്പിന് പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷില്ലോങ്ങ് ലജോങ്ങിന്റെ വലകാക്കാൻ കാസർഗോഡിന്റെ നിതിൻ ലാൽ
Next articleപൂനെ സിറ്റി ഇന്ന് ഡെൽഹി ഡൈനാമോസിനെതിരെ