Picsart 22 10 24 21 51 37 705

അപരാജിത കുതിപ്പ് തുടരാൻ റയൽ, എതിരാളികൾ ലെപ്സിഗ്

ചാമ്പ്യൻസ് ലീഗിൽ ആൻസലോട്ടിയുടെയും റയൽ മാഡ്രിഡിന്റെയും അടുത്ത എതിരാളികൾ ആർബി ലെപ്സിഗ്. ഗ്രൂപ്പിൽ മൂന്ന് വിജയവും ഒരു സമനിലയുമായി ആദ്യ സ്ഥാനത്ത് ഉള്ള മാഡ്രിഡിനെതിരെ സ്വന്തം തട്ടകത്തിൽ പൊരുതാൻ തന്നെയാകും ലെപ്സിഗിന്റെ തീരുമാനം. ആറു പോയിന്റുള്ള തങ്ങൾക്ക് തൊട്ടു പിറകിൽ അഞ്ചു പോയിന്റുമായി ശക്തർ ഉള്ളതിനാൽ മാഡ്രിഡിനെതിരെ വീണ് കിട്ടുന്ന ഒരു പോയിന്റ് പോലും പിന്നീട് തലവേദന ഒഴിവാക്കാൻ ലെപ്സിഗിനെ സഹായിക്കും.

അപാരമായ ഫോം തുടരാൻ തന്നെയാകും റെഡ് ബുൾ അറീനയിലേക്ക് .മാഡ്രിഡ് എത്തുന്നത്. ബാലന്റിയോർ പുരസ്‌കാരം ഗോളടിച്ചു തന്നെ ആഘോഷിച്ച ബെൻസിമയും വിനിഷ്യസും ചേർന്ന മുന്നേറ്റം തന്നെ ഒരിക്കൽ കൂടി കളത്തിൽ എത്തും. ക്രൂസും മോഡ്രിച്ചും ചൗമേനിയും ചേർന്ന മധ്യനിരയിൽ ഫോമിന്റെ പുതിയ തലങ്ങൾ തേടുന്ന വാൽവേർടെ കൂടെ എത്തുമ്പോൾ പിടിച്ചു കെട്ടാൻ ലെപ്സിഗ് പാടുപെടും. ലീഗിൽ സെവിയ്യയേയും തോൽപ്പിച്ച് ആൻസലോട്ടിയുടെ ടീം വർധിച്ച ആത്മവിശ്വാസത്തിലാണ്. ലെപ്സിഗ് ആവട്ടെ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ്.

ഓഗ്സ്ബെർഗിനോട് സമനിലയിൽ പിരിഞ്ഞ ശേഷമാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളെ സ്വന്തം തട്ടകത്തിൽ വരവേൽക്കുന്നത്. ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയും എന്ന് തന്നെയാണ് ജർമൻ ടീമിന്റെ പ്രതീക്ഷ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരം ആരംഭിക്കുക.

Exit mobile version