ചരിത്രമെഴുതി ലെസ്റ്റർ ക്വാർട്ടറിൽ

- Advertisement -

കഴിഞ്ഞ കൊല്ലം പ്രീമിയർ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ട്ടിച്ച ലെസ്റ്റർ സിറ്റി ഈ വർഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമോ ? ഫുട്ബോൾ ആരാധകർ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു.  3 തവണ തുടർച്ചയായി യൂറോപ്പ ലീഗ് കിരീടം നേടി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ സെവിയ്യയെ കിംഗ് പവർ സ്റ്റേഡിയത്തിൽ  ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ലെസ്റ്റർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നു.  വെസ് മോർഗനും  ആൾ ബ്രൈറ്റനുമാണ് ലെസ്റ്ററിനു വേണ്ടി ഗോൾ നേടിയത്. സമീർ നസ്‌റി ചുവപ്പു കാർഡ് കണ്ട മത്സരത്തിൽ സ്റ്റീവൻ എൻസോൻസി പെനാൽറ്റി നഷ്ട്ടപെടുത്തിയതും സെവിയ്യക്ക് വിനയായി. ആദ്യ പാദത്തിൽ  2 – 1 ന്റെ വിജയം സെവിയ്യ നേടിയെങ്കിലും എവേ ഗോൾ ആനുകൂല്യം ലെസ്റ്ററിനായിരുന്നു.

27ആം മിനുട്ടിലാണ് ലെസ്റ്റർ ആദ്യ ഗോൾ നേടിയത്.  മെഹറാസിന്റെ ക്രോസ്സ് പെനാൽറ്റി ബോക്സിൽ പ്രതിരോധിക്കുന്നതിൽ സെവിയ്യ വീഴ്ച്ച വരുത്തിയപ്പോൾ വെസ് മോർഗൻ ഗോൾ നേടുകയായിരുന്നു.  ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം നടത്തിയ സെവിയ്യ ലെസ്റ്റർ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. പക്ഷെ ലെസ്റ്റർ പ്രതിരോധം ശക്തമായിരുന്നു.

രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് സെവിയ്യ ഇറങ്ങിയത്. മരിയാനോയും ജോവെറ്റിച്ചിനെയും ഇറങ്ങി സെവിയ്യ ആക്രമണം ശക്തമാക്കി. അതിനു പ്രതിഫലമെന്നോണം 53ആം മിനുട്ടിൽ സെർജിയോ  എസ്കഡാറോയുടെ 30 വാര അകലെനിന്നുള്ള അടി ഗോൾ കീപ്പർ കാസ്പെർ സ്‌മൈകിളിനെ കബളിപ്പിച്ചെങ്കിലും ബാറിന്റെ അടിയിൽ തട്ടി തിരിച്ചു വന്നു.

തൊട്ടടുത്ത നിമിഷത്തിൽ തന്നെ ആൾ ബ്രൈറ്റന്റെ ഗോളിലൂടെ ലെസ്റ്റർ തങ്ങളുടെ ലീഡ് ഉയർത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന ക്രോസ്സ് പ്രതിരോധിക്കുന്നതിൽ സെവിയ്യ താരങ്ങൾ വീണ്ടും പരാജയപ്പെട്ടപ്പോൾ ഗോൾ കീപ്പർ സെർജിയോ റിക്കോയെ കാഴ്ചക്കാരനാക്കി ആൾ ബ്രൈറ്റൻ  ലെസ്റ്ററിനു രണ്ടാമത്തെ ഗോളും നേടി കൊടുത്തു.

തുടർന്ന് വാർഡിയെ തലകൊണ്ടടിച്ച സമീർ നസ്‌റി ചുവപ്പു കാർഡ് കണ്ടു പുറത്തു പോയതോടെ സെവിയ്യയുടെ തിരിച്ചു വരവ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു.  എന്നാൽ വിറ്റാലോയെ പെനാൽറ്റി ബോക്സിൽ ലെസ്റ്റർ ഗോൾ കീപ്പർ കാസ്പെർ സ്‌മൈകിൾ വീഴ്ത്തിയപ്പോൾ റഫറി സെവിയ്യക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു.  പക്ഷെ  എൻസോൻസിയുടെ പെനാൽറ്റി സ്‌മൈകിൾ മനോഹരമായി രക്ഷപെടുത്തി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീട്ടാമെന്ന സെവിയ്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ സ്‌മൈകിൾ ഒരിക്കൽ കൂടി ലെസ്റ്ററിന്റെ രക്ഷക്കെത്തുകയായിരുന്നു. സെവിയ്യ അവസാനം നേടിയ നാല് പെനാൽറ്റികളിൽ ഒന്ന് പോലും അവർക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിട്ടില്ല.

റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനു സെവിയ്യ കോച്ച് ജോർഗ് സാംപാലൊളിയെ റഫറി ചുവപ്പു കാർഡ് കാണിച്ചതും സെവിയ്യക്ക് വിനയായി.

അവസാന നിമിഷങ്ങളിൽ ലെസ്റ്ററിന്റെ ജയം ഉറപ്പിക്കാൻ  കിട്ടിയ സുവർണാവസരം വാർഡി കളഞ്ഞു കുളിച്ചു. ഒരു മികച്ച കൌണ്ടർ അറ്റാക്കിങ്ങിൽ മഹ്റെസ് നൽകിയ പന്ത് ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ വാർഡി പുറത്തടിച്ചു കളയുകയായിരുന്നു.

കൂടുതൽ നഷ്ട്ടങ്ങൾ ഇല്ലാതെ ലെസ്റ്റർ മത്സരം അവസാനിച്ചപ്പോൾ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് സീസണിൽ തന്നെ ക്വാർട്ടർ ഫൈനലിൽ എത്താൻ അവർക്കായി. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക് എന്നി കരുത്തരുടെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീട പോരാട്ടത്തിന് ഇനി ലെസ്റ്ററും ഉണ്ടാവും.

 

Advertisement