ചരിത്രത്തിലേക്ക്‌ നടന്നു കയറാൻ ലെസ്റ്റർ, സെമി ഉറപ്പിക്കാൻ അത്ലറ്റികോ

ആദ്യ ചാമ്പ്യൻസ് ലീഗിൽ തന്നെ സെമിയിൽ എത്തി ചരിത്രം സൃഷ്ട്ടിക്കാൻ ലെസ്റ്റർ സിറ്റി ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ നേരിടും. കണക്കിൽ ശക്തരായാ അത്ലറ്റിക്കോക്കാണ് മത്സരത്തിൽ മുൻതൂക്കം. ആദ്യ മത്സരത്തിൽ വിവാദമായ പെനാൽറ്റി ഗോളിലൂടെ വിജയിച്ചാണ് അത്ലറ്റികോയുടെ വരവ്. അന്ന് ഗ്രീസ്മാൻ നേടിയ ഏക പെനാൽറ്റി ഗോളിലാണ് അത്ലറ്റിക്കോ ജയിച്ചത്.

പുതിയ കോച്ച് ക്രെയ്ഗ് ഷേക്‌സ്‌പിയറിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലെസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ അത്ലറ്റികോക്ക്‌ ഭീഷണിയാകും എന്ന് തന്നെയാണ് സിമോയോണി വിശ്വസിക്കുന്നത്. പക്ഷെ കഴിഞ്ഞ മത്സരത്തിൽ ഒരു ഷോട്ട് പോലും അത്ലറ്റികോ പോസ്റ്റിലേക്ക് അടിക്കാൻ പറ്റാത്തത് അത്ലറ്റികോ പ്രതിരോധത്തിന്റെ ശക്തി തുറന്നു കാട്ടുന്നതാണ്. പക്ഷെ ഈ സീസണിൽ കളിച്ച 4 ഹോം മത്സരങ്ങളും ജയിച്ചാണ് ലെസ്റ്ററിന്റെ വരവ്.

പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്ന കെവിൻ ഗമിറോ അത്ലറ്റികോക്കു വേണ്ടി ഇന്ന് ഇറങ്ങിയേക്കും, പക്ഷെ പകരക്കാരനായി ഇറങ്ങാനാണ് കൂടുതൽ സാധ്യത. ടോറസും ഗ്രീസ്മാനും തന്നെയാവും അത്ലറ്റികോ ആക്രമങ്ങളുടെ ചുമതല.  സീസണിൽ 26 ഗോൾ നേടി ഗ്രീസ്മാൻ മികച്ച ഫോമിലുമാണ്. അത്ലറ്റികോക്ക്‌ വേണ്ടി  കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച കോകെ, ഗാബി, സോൾ നിഗെസ്, ഗ്രിസ്മാൻ എന്നിവർ ആദ്യ പതിനൊന്നിൽ തിരിച്ചെത്തും.

പരിക്കിൽ നിന്ന് മോചിതനായി ലെസ്റ്റർ നായകൻ വെസ് മോർഗൻ പരിശീലനം തുടങ്ങിയെങ്കിലും ആദ്യ 11ൽ ഇടം പിടിക്കുമോ എന്നുറപ്പില്ല. സസ്‌പെൻഷൻ കാരണം റോബർട്ട് ഹത്തും പുറത്താവുന്നതും  പ്രതിരോധത്തിൽ ലെസ്റ്ററിനു തലവേദനയുണ്ടാക്കും.