സൂപ്പർ പോരാട്ടത്തിൽ യുവന്റസും റയൽ മാഡ്രിഡും നേർക്കുനേർ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ടുറിനിൽ ഇന്ന് യുവന്റസ് റയൽ മാഡ്രിഡിന്റെ നേരിടും. യൂറോപ്യൻ ഭീമന്മാരായ രണ്ടു ടീമുകൾ മാറ്റുരക്കുന്ന പോരാട്ടത്തിൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റതിന്റെ കണക്ക് തീർക്കാനാകും യുവന്റസ് ഇറങ്ങുക. കഴിഞ്ഞ ജൂണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ്  4-1ന് യുവന്റസിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരുന്നു.

2014-15 സീസണിൽ സെമിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം യുവന്റസിന്റെ കൂടെയായിരുന്നു.  ക്രിസ്റ്റ്യാനോ റൊണാൾഡോ നേതൃത്വം കൊടുക്കുന്ന റയൽ ആക്രമണ നിര ലോക ഫുട്ബോളിലെ മികച്ച പ്രതിരോധ നിരയെ നേരിടുന്നു എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 2018 തുടക്കത്തെ മികച്ച ഫോമിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തളക്കുക എന്നതാവും യുവന്റസ് പ്രതിരോധം നേരിടുന്ന പ്രധാന വെല്ലുവിളി. ചാമ്പ്യൻസ് ലീഗ് സീസണിൽ ഇതുവരെ 12 ഗോളുകളുമായി റൊണാൾഡോ മികച്ച ഫോമിലാണ്. കഴിഞ്ഞ 8 മത്സരങ്ങളിൽ മാത്രം 17 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയത്.

ലാ ലീഗ കിരീട പോരാട്ടത്തിൽ പിറകിലായ റയൽ മാഡ്രിഡിന് ഇനി അവശേഷിക്കുന്നത് ചാമ്പ്യൻസ് ലീഗ് മാത്രമാണ്. സീസണിന്റെ തുടക്കത്തിൽ ഫോമിലെത്താൻ വിഷമിച്ച റയൽ മാഡ്രിഡ് കഴിഞ്ഞ 11 മത്സരങ്ങളിൽ 10 എണ്ണവും ജയിച്ച് മികച്ച ഫോമിലാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. റൊണാൾഡോയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ലാസ് പാൽമാസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഇരട്ട ഗോൾ നേടിയ ഗാരെത് ബെയ്ലിന് ഇന്ന് ടീമിൽ ഇടം കിട്ടുമോ എന്നും ഉറപ്പില്ല.

അതെ സമയം പ്രീ ക്വാർട്ടർ മത്സരത്തിൽടോട്ടൻഹാമിനെ മറികടന്ന് ക്വാർട്ടറിൽ എത്തിയ യുവന്റസ് മികച്ച ഫോമിലാണ് റയലിനെ നേരിടാനിറങ്ങുന്നത്. ഡിബാലയും ഹിഗ്വയിനും അടങ്ങുന്ന ആക്രമണ ഫോമിലെത്തിയാൽ റയൽ മാഡ്രിഡ് പ്രതിരോധം അവരെ തടയാൻ വിയർക്കുമെന്നുറപ്പാണ്.സീരി എയിലെ കഴിഞ്ഞ മത്സരത്തിൽ ശക്തരായ എ സി മിലാനെ 3-1ന് പരാജയപ്പെടുത്തിയാണ് യുവന്റസ് ഇന്ന് ഇറങ്ങുക. ജയത്തോടെ നാപോളിയെക്കാൾ നാല് പോയിന്റ് ലീഡ് നേടി സീരി എ യിൽ ഒന്നാം സ്ഥാനത്താണ് യുവന്റസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശതകം നഷ്ടമായതില്‍ സങ്കടമുണ്ട്: ബാബര്‍ അസം
Next articleചരിത്രം സൃഷ്ട്ടിക്കാൻ സെവിയ്യ ബയേൺ മ്യൂണിക്കിനെതിരെ