
ക്യാമ്പ് ന്യൂവിൽ ഇനിയൊരു അത്ഭുതം കൂടി സംഭവിക്കുമോ എന്നാവും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ സംശയം. പി.എസ്.ജിക്കെതിരെ അത്ഭുതപ്രകടനവുമായി ക്വാട്ടറിലെത്തിയ ബാഴ്സയെക്കാത്തിരുന്നത് 3-0 ത്തിന്റെ പരാജയമായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ബാഴ്സയ്ക്ക് അവസരം നൽകാതിരുന്ന യുവന്റെസ് വ്യക്തമായ മേധാവിത്യത്തോടെയാണ് മത്സരം സ്വന്തമാക്കിയത്. ഇതോടെ ഏപ്രിൽ 19 നു നടക്കുന്ന രണ്ടാം പാദത്തിൽ മറ്റൊരു അത്ഭുതത്തിനാവും ബാഴ്സ ആരാധകർ കാത്തിരിക്കുക. എന്നാൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധനിരക്കെതിരെ അതത്ര എളുപ്പമാവില്ല.
അർജന്റീനയുടെ യുവതാരം പോളോ ഡൈബാല ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മികച്ച തുടക്കമാണ് യുവെക്ക് ലഭിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഗുഡ്രാടോ നൽകിയ പന്ത് മനോഹരമായി വലയിലെത്തിച്ച ഡിബാല 22ാം മിനിറ്റിൽ മറ്റൊരു മനോഹരമായ ഇടം കാലനടിയിലൂടെ അവരുടെ ലീഡുയർത്തി. മുന്നേറ്റത്തിൽ നിന്നെ പ്രതിരോധിക്കുക എന്ന തന്ത്രം പുറത്തെടുത്ത അല്ലെഗ്രിനി ബാഴ്സ മുന്നേറ്റത്തെ ശരിക്ക് പൂട്ടി. 21 മിനിറ്റിൽ മെസ്സിയുടെ അതിമനോഹരമായ പാസിൽ ഇനിയെസ്റ്റ ഗോൾ നേടിയെന്നുറപ്പിച്ചെങ്കിലും എന്നത്തേയും പോലെ ബുഫൺ യുവെയുടെ രക്ഷകനായി.
രണ്ടാം പകുതിയിൽ 55 മിനിറ്റിൽ കോർണറിനു തല വച്ച കെല്ലിനി ബാഴ്സ പരാജയം പൂർണ്ണമാക്കുകയായിരുന്നു. 3 ഗോളിന് പിന്നിലായ ശേഷം ഗോൾ തിരിച്ചടിക്കാനുള്ള ബാഴ്സ ശ്രമങ്ങൾ യുവെ പ്രതിരോധത്തിൽ തട്ടി മടങ്ങി. ലീഗിൽ മലാഗക്കെതിരെ ഏറ്റ തോൽവിയിൽ നിന്ന് പാഠമുൾക്കൊള്ളാതിരുന്ന ബാഴ്സ തീർത്തും നിറം മങ്ങി. പ്രതിരോധത്തിനൊപ്പം മെസ്സി, സുവാരസ്, നെയ്മർ ത്രയവും നിരാശയായപ്പോൾ ബാഴ്സ പൊരുതാൻ പോലുമാവാതെ കീഴടങ്ങി. ബുസ്കെറ്റ്സിനു പകരം മധ്യനിരയിൽ മഷരനായുമായിറങ്ങിയ ബാഴ്സക്ക് ബാഴ്സക്ക് മത്സരത്തിൽ ഒരു ഘട്ടത്തിലും ആധിപത്യം പുലർത്താനായില്ല. ഇതോടെ ലാ ലീഗക്ക് പുറമെ ചാമ്പ്യൻസ് ലീഗിലും ബാഴ്സയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
മറുവശത്ത് സീരി എ ഏതാണ്ട് ഉറപ്പിച്ച യുവന്റെസ് ചാമ്പ്യൻസ് ലീഗ് തന്നെയാരും ലക്ഷ്യം വക്കുക. അനുഭവസമ്പത്തും യുവതാരനിരയുമടങ്ങിയ മികച്ച താര നിരക്ക് അതിനാവും എന്നാണ് അല്ലെഗ്രിനി പ്രതീക്ഷിക്കുന്നത്. 2015 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പരാജയത്തിന് ബാഴ്സയോട് പ്രതികാരം ചെയ്ത യുവെ അത് കൃത്യമായി വ്യക്തമാക്കി. ഒപ്പം ഈ സീസണിൽ ബാഴ്സ വിട്ട് യുവന്റെസിൽ ചേക്കേറിയ ഡാനി ആൽവസിനു മധുര പ്രതികാരവുമായി ഈ ജയം. ഇത് തുടർച്ചയായ 46 തവണയാണ് യുവന്റെസ് സ്വന്തം മൈതാനത്ത് പരാജയമറിയാതെ മത്സരം പൂർണ്ണമാക്കുന്നത്. രണ്ടാം പാദത്തിൽ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ഈ വർഷം ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ഇറ്റാലിയൻ വമ്പന്മാർ കാണും. അതേ സമയം ഇന്ന് നടക്കാനിരുന്ന ഡോർട്ട്മുണ്ട്, മൊണാക്കോ മത്സരം ഡോർട്ട്മുണ്ട് ടീം ബസിലുണ്ടായ സ്പോടനത്തെ തുടർന്ന് നാളത്തേക്ക് മാറ്റി വച്ചു. നാളെ പുലർച്ചെ 12.15 ന് അത്ലെറ്റിക്കോ മാഡ്രിഡ്, ലെസ്റ്റർ സിറ്റി മത്സരത്തിനും ബയേൺ മ്യൂണിക്, റയൽ മാഡ്രിഡ് മത്സരത്തിനുമൊപ്പമാവും ഈ മത്സരവും തുടങ്ങുക.