മാഡ്രിഡിൽ നാടകീയ ചാമ്പ്യൻസ്ലീഗ് രാത്രി, അവസാനനിമിഷ പെനാൾട്ടിയിൽ റയലിന് രക്ഷ

മാഡ്രിഡിലും ചാമ്പ്യൻസ് ലീഗ് അത്ഭുത രാത്രി പിറന്നേനെ. പക്ഷെ അവസാന നിമിഷ ദുരന്ത പെനാൾട്ടിയിൽ തട്ടി യുവന്റസിന്റെ ചരിത്ര തിരിച്ചുവരവാണ് ഇല്ലാതായത്. മാഡ്രിഡിൽ വന്ന് 3-1ന് റയലിനെ തോൽപ്പിച്ചിട്ടും സെമികാണാതെയാണ് യുവന്റസ് മടങ്ങുന്നത്. 94ആം മിനുട്ടിൽ വഴങ്ങിയ പെനാൾട്ടി 4-3ന്റെ അഗ്രിഗേറ്റ ജയവും സെമിയും റയൽ മാഡ്രിഡിന് നൽകുകയായിരുന്നു.

ഒരു ദിവസം മുമ്പ് റോമിൽ നടത്തിനേക്കാൾ വലിയ ഒരു തിരിച്ചുവരവാണ് ഇന്ന് മാഡ്രിഡിൽ റയലും യുവന്റസും രണ്ടാം പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ കണ്ടത്. റോമയിൽ ബാഴ്സയുടെ ആദ്യ പാദത്തിലെ മൂന്നു ഗോൾ റോമ കടന്നപ്പോൾ അത് റോമയുടെ ഹോം ഗ്രൗണ്ടിലാണ് എന്നൊരു ചെറിയ അനുകൂല സാഹചര്യം എങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മാഡ്രിഡിൽ കണ്ടത് തിങ്ങി നിറഞ്ഞ റയൽ ആരാധകരെ നിശബ്ദരാക്കിയ യുവന്റസിന്റെ പ്രകടനമാണ്.

ആദ്യ പാദത്തിൽ ടൂറിനിൽ റൊണാൾഡോയുടെ അത്ഭുത ഗോളടക്കം എതിരില്ലാത്ത മൂന്നു ഗോളുകളുടെ ലീഡ് റയൽ മാഡ്രിഡ് നേടിയിരുന്നു. ആ ലീഡുമായി ഇറങ്ങിയ റയലിന്റെ വലിയ ആത്മവിശ്വാസത്തെ തകർക്കാൻ മൂന്നു മിനുട്ട് എടുത്തില്ല യുവന്റസ്. ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ മാൻസുകിച്ച് ഖദീരയുടെ ക്രോസ് വലയിൽ എത്തിച്ച് രണ്ടാം മിനുട്ടിൽ തന്നെ തിരിച്ചുവരവിന് തുടക്കമിട്ടു.

റൊണാൾഡോയു റയലും തിരിച്ചടിക്കാൻ ശ്രമിച്ചു എങ്കിലും ഡിഫൻഡ് ചെയ്യാൻ നിൽക്കാതെ പന്തു കിട്ടിയപ്പോഴൊക്കെ റയലിന്റെ ബോക്സിലേക്ക് യുവന്റസ് നിര കുതിച്ചു. 37ആം മിനുട്ടിൽ അതിന്റെ ഗുണം ലഭിച്ചു. വീണ്ടും മാൻസുകിച്ചിന്റെ ഹെഡർ നവാസിനെ കാഴ്ചക്കാരനാക്കി റയലിന്റെ വലയിൽ. കളി 2-0 യുവന്റസിന് അനുകൂലം. അഗ്രിഗേറ്റിൽ റയൽ 3-2 യുവന്റസ്.

രണ്ടാം പകുതിയിൽ അസൻസിയോയേയും ലൂകാസ് വാസ്കസിനേയും ഇറക്കി തന്ത്രങ്ങൾ സിദാൻ മാറ്റിയെങ്കിലും ഫലമില്ല. 61ആം മിനുട്ടിൽ ആരും പ്രവചിക്കാതിരുന്ന തിരിച്ചുവരവിലെ മൂന്നാം ഗോളും വന്നു. ബാക്കി രണ്ട് ഗോളുകളും യുവന്റസിന്റെ കഴിവായിരുന്നു എങ്കിൽ ഇത് റയലിന്റെ സമ്മാനമായിരുന്നു. റയൽ ഗോൾ കീപ്പർ നവാസിന്റെ ഒരു വൻ അബദ്ധം. വലതു വിങ്ങിൽ നിന്ന് വന്ന യുവെ ക്രോസ് കയ്യിൽ നിന്ന് നവാസ് കളഞ്ഞപ്പോൾ മറ്റുഡിക്ക് വലയിലേക്ക് തട്ടിയിടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. സ്കോർ 3-0 അഗ്രിഗേറ്റ 3-3.

പിന്നീട് ബുഫണും നവാസും ഇരുടീമുകളും രക്ഷകരാകുന്ന നിമിഷങ്ങൾ വന്നപ്പോൾ മത്സരം എക്സ്ട്രാടൈമിലേക്ക് അടുക്കുകയാണെന്നു തന്നെ തോന്നിപ്പിച്ചു. അപ്പോഴാണ് ഇഞ്ച്വറി ടൈമിൽ പെനാൾട്ടി വില്ലനായി എത്തിയത്. ബെനാറ്റിയ ലുകാസ് വാസ്കസിനെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. റഫറി മൈക്കൾ ഒളിവറിന്റെ പെനാൾട്ടി വിസിൽ കണ്ട് ഞെട്ടിയ ബുഫന്റെ പ്രതികരണം ചുവപ്പു കാർഡും വാങ്ങി കൊടുത്തു.

പെനാൾട്ടി എടുത്ത ക്രിസ്റ്റ്യാനോക്ക് ഒട്ടും പിഴച്ചില്ല. മാഡ്രിഡിൽ റൊണാൾഡോയുടേയും സംഘത്തിന്റേയും ആഹ്ലാദവും യുവന്റസിന്റെ കണ്ണീരും. പക്ഷെ യുവന്റസിന്റെ ഈ തിരിച്ചുവരവ് ഫുട്ബോൾ ലോകം എന്നും ഓർമ്മിച്ചിരിക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോട്ട കാത്ത് രാജസ്ഥാന്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ 9ാം ജയം
Next articleസെവിയ്യ പൊരുതി നോക്കി, പക്ഷെ ബയേൺ തന്നെ സെമിയിൽ