മെസ്സിക്ക് മുന്നിൽ ഫിൽ ജോൺസും സ്മാളിംഗും, മാഞ്ചസ്റ്റർ യുണൈറ്റഡ് മാറേണ്ടത് എവിടെ!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന കുറച്ച് വർഷങ്ങളായുള്ള പ്രശ്നങ്ങൾ പലപ്പോഴും പരിശീലകരുടെ തലയിലാണ് ഇടാറ് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന പ്രശ്നം ലോക നിലവാരമുള്ള ഒരു സ്ക്വാഡ് ഉണ്ടാക്കി എടുക്കത്തത് ആണ്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ക്ലബിന്റെ തലപ്പത്ത് ഇരിക്കുന്നവർക്കാണ്. നാളെ ബാഴ്സലോണയെ നേരിടാൻ ഇറങ്ങുമ്പോൾ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ നോക്കിയാൽ തന്നെ യുണൈറ്റഡിന്റെ നിലവാരം മനസ്സിലാകും.

മെസ്സി സുവാരസ് ഡെംബലെ കൗട്ടീനോ എന്നിവരെ നേരിടേണ്ട ഡിഫൻസിൽ ഉള്ളത് സ്മാളിംഗ്, ഫിൽ ജോൺസ്, ആഷ്ലി യങ്ങ് എന്നീ ശരാശരി താരങ്ങളാണ്‌. ഈ താരങ്ങൾ അവരുടെ ശ്രമം കൊണ്ട് പലപ്പോഴും യുണൈറ്റഡിനെ രക്ഷിക്കാറുണ്ട് എങ്കിലും ഇവരൊക്കെ ശരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ നിലവാരമുള്ള താരങ്ങളാണോ?

വിഡിചും, റിയോ ഫെർഡിനാൻഡും, സ്റ്റാമും, നെവിലും, എവ്രയുമൊക്കെ കളിച്ച ഡിഫൻസിലാണ് ഇപ്പോൾ ശരാശരി താരങ്ങളെ അണിനിരത്തിയിരിക്കുന്നത്‌. ജോൺസും സ്മാളിംഗും ഒക്കെ ഒരു ദശകത്തിന് അടുത്തായി യുണൈറ്റഡിൽ ഉണ്ട് എന്നതും അത്ഭുതം മാത്രമാണ്. ശരാശരി താരങ്ങളെ വെച്ച് അത്ഭുതങ്ങൾ കാണിക്കുന്ന സർ അലക്സ് ഫെർഗൂസൺ ഇപ്പോൾ ടീമിനൊപ്പം ഇല്ലാ എന്നത് ക്ലബിന്റെ ബോർഡ് ഇനിയും മനസ്സിലാക്കിയില്ലെ എന്നാണ് സംശയം.

ബാഴ്സലോണ, റയൽ മാഡ്രിഡ്, ബയെൺ മ്യൂണിച്ച്, എന്നീ ക്ലബുകളെ പോലെ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളുടെ കൂട്ടത്തിൽ ഉള്ള ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ സ്മാളിംഗ്, ജോൺസ്, യങ്, റോഹോ, ഡാർമിയൻ, വലൻസിയ എന്ന് തുടങ്ങിയ ശരാശരി താരങ്ങൾ ഒക്കെ ലോകത്തെ മികച്ച ക്ലബുകളായ റയൽ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കും എന്ന് അവർ പോലും സ്വപ്നം കാണുന്നുണ്ടാവില്ല.

ഒരു സെന്റർ ബാക്കിനെ വാങ്ങി നൽകാൻ ബോർഡിനോട് കെഞ്ചി മടുത്ത മുൻ പരിശീലകൻ ജോസെ മൗറീനോയെ ആരും മറന്നു കാണില്ല. വലതു വിങ്ങിൽ ഒരു വിങ്ങറില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാൻ തുടങ്ങിയിട്ട് എത്ര വർഷങ്ങളായെന്ന് ഒരു കണക്കും ഇല്ല. റൈറ്റ് ബാക്കില്ല, ലെഫ്റ്റ് ബാക്കിൽ ആകെ ഉള്ളത് ഒരു താരം എന്നു തുടങ്ങി തട്ടി കൂട്ടിന്റെ ഒരു വലിയ സമ്മേളനം തന്നെയായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് മാറിയിരിക്കുന്നു.

മെസ്സിയെയും സുവാരസിനെയും ഒക്കെ ഈ ഡിഫൻസ് തടുത്തേക്കാം. വിജയിച്ച് സെമിയിലും എത്തിയേക്കാം. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിന് ലോകത്തെ ഏറ്റവും മികച്ച ക്ലബാണെന്ന ഒരു സ്വകാര്യ അഹങ്കാരം ഉണ്ടെങ്കിൽ ഇതാവരുത് അവരുടെ സ്ക്വാഡിന്റെ നിലവാരം. ഇനി വരുന്ന സീസണിൽ 200 മില്യണോളം ട്രാൻസ്ഫറിനായി ഒലെയ്ക്ക് നൽകും എന്നാണ് വാർത്തകൾ. അത് കൊണ്ടെങ്കിലും യുണൈറ്റഡ് ഒരു ലോക നിലവാരമുള്ള സ്ക്വാഡ് ആയി മാറുമോ എന്ന് കണ്ടറിയാം.