ജീസുസിന് ഹാട്രിക്ക്, വിജയത്തോടെ ഗ്രൂപ്പ് ഘട്ടം സിറ്റി അവസാനിപ്പിച്ചു

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിൽ നിന്ന് ഒരു വലിയ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി കരകയറി. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സഗ്രെബിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസിന്റെ ഹാട്രിക്കാണ് സിറ്റിക്ക് ഇത്ര വലിയ വിജയം നൽകിയത്.

34, 50, 54 മിനുട്ടുകളിൽ ആയിരുന്നു ജീസുസിന്റെ ഗോളുകൾ. ജീസുസിന്റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ രണ്ടാം ഹാട്രിക്കാണിത്. ഇന്നത്തെ ഗോളുകളോടെ 100 കരിയർ ഗോളുകളിലും ജീസുസ് എത്തി. ഫിൽ ഫോഡനാണ് സിറ്റിയുടെ മറ്റൊരു സ്കോറർ‌. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഗ്രൂൂപ് ഘട്ടം 14 പോയന്റുമായി അവസാനിപ്പിച്ചു‌‌.