റയലിന്റെ ചരിത്ര നേട്ടത്തിനിടയിലും വാർത്തയായി ഹാമേസ് റോഡ്രിഗസിന്റെ അഭാവം

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കപ്പുയർത്തി ചരിത്രം സൃഷ്ടിച്ചപ്പോയും ഏറെ ചർച്ചകൾക്ക് വഴിവച്ചൊരു അഭാവമുണ്ടായിരുന്നു റയൽ മാഡ്രിഡ് നിരയിൽ. ഫൈനലിനായുള്ള സിദാന്റെ ടീമിൽ ആദ്യ ഇലവനിലോ പകരക്കാരുടെ നിരയിലോ ഇടം ലഭിക്കാതെ പോയ ഹാമേസ് റോഡ്രിഗസിനെ കുറിച്ചായിരുന്നു ആ ചർച്ച.

സിദാൻ റയൽ മാഡ്രിഡ് പരിശീലകനായ ശേഷം അധികമൊന്നും അവസരങ്ങൾ ഈ കൊളംബിയക്കാരന് ലഭിച്ചിരുന്നില്ല. പക്ഷെ പകരക്കാരുടെ ഇടയിൽ പോലും ഇടമില്ലാതാവും ഹാമേസിനെന്നു കടുത്ത റയൽ ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല. താരങ്ങളാൽ സമ്പന്നമായ റയൽ നിരയിൽ അങ്ങനെ നിർണായകമായ മത്സരത്തിൽ ഇടം ലഭിക്കാതെ പോയതോടെ ഹാമേസ് ഈ വർഷം തന്നെ ക്ലബ്ബ് വിട്ടേക്കും എന്ന സൂചനകൾ ശക്തമായി.

റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ മാർകറ്റിലും പുത്തൻ താരങ്ങളെ കൊണ്ട് വരും എന്ന് ഉറപ്പാണ്. കൂടാതെ നിലവിലെ ടീമിൽ ഇസ്കോ അടക്കമുള്ളവർ അസാധ്യ ഫോമിലും. പ്രീമിയർ ലീഗിലേക്കാണ് ഈ മുൻ മൊണാക്കോ താരത്തിന്റെ കണ്ണ് എന്നാണ് അറിയുന്നത്. മാഞ്ചസ്റ്റർ യൂണൈറ്റഡിലോട്ടോ ചെൽസിയിലോ ഹാമേസ് കളം മാറുമെന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഏതായാലും നിലവിലെ സാഹചര്യത്തിൽ ഹാമേസ് സിദാന്റെ കീഴിൽ തന്നെ തുടരുക എന്നത് വിരളമാണ്.

Advertisement