
ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് തോൽവിയിൽ ഏറ്റവും വിഷമിച്ച കളിക്കാരൻ ആരെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഒള്ളൂ, ആന്ദ്രേ ഇനിയെസ്റ്റ. റോമ ജയം ഉറപ്പിച്ചപ്പോൾ ടെലിവിഷൻ ചാനലുകൾ കാണിച്ച ഇനിയെസ്റ്റയുടെ മുഖം ഒരു ബാഴ്സ ആരാധകനും മറക്കാൻ ഇടയില്ല. പക്ഷെ അതിനേക്കാൾ വിഷമം നൽകുന്ന സൂചനയാണ് ഇനിയെസ്റ്റ മത്സര ശേഷം നല്കിയത്. ഇനി ബാഴ്സക്കായി ചാമ്പ്യൻസ് ലീഗ് താൻ കളിക്കുമോ എന്നത് സംശയമാണ് എന്നാണ് ഇനിയെസ്റ്റ പറഞ്ഞത്. ഇതോടെ ഈ സീസൺ അവസാനിക്കുന്നതോടെ താരം ന്യൂ ക്യാമ്പ് വിടുമെന്ന് ഏതാണ്ട് ഉറപ്പായി.
ബാഴ്സയിലെ വെറ്ററൻ താരമായ ഇനിയെസ്റ്റ റോമക്ക് എതിരായ മത്സര ശേഷമുള്ള അഭിമുഖത്തിലാണ് ബാഴ്സ വിട്ടേക്കും എന്ന സൂചന നൽകിയത്. ആദ്യ പാദത്തിൽ 4-1 ന് ജയിച്ച ബാഴ്സ പക്ഷെ രണ്ടാം പാദത്തിൽ എതിരില്ലാത്ത 3 ഗോളിന്റെ തോൽവി വഴങ്ങിയാണ് ക്വാർട്ടർ ഫൈനലിന് പുറത്ത് പോയത്. ഇനിയെസ്റ്റയെ പിൻവലിച്ചു ആന്ദ്രെ ഗോമസിനെ ഇറക്കാനുള്ള പരിശീലകൻ വാൽവേർഡയുടെ തീരുമാനത്തെ ഒരു കൂട്ടം ബാഴ്സ ആരാധകരും വിമർശിച്ചിരുന്നു.
സീസൺ അവസാനത്തോടെ ഇനിയെസ്റ്റ ബാഴ്സ വിടുകയാണെങ്കിൽ ചാവിക്ക് ശേഷം ബാഴ്സക്ക് നഷ്ടമാകുന്ന ഏറ്റവും മികച്ച താരമാവും അത്. ചൈനീസ് സൂപ്പർ ലീഗിലേക്ക് താരം മാറാനുള്ള സാധ്യതയാണ് കൂടുതൽ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial