പതിവ് തെറ്റിക്കാതെ ലിവർപൂളിനെതിരെ ഗോളടിച്ച് ബെൻസിമ

പതിവ് തെറ്റിക്കാതെ ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ ബെൻസിമ ഗോളടിച്ചു. ഇന്ന് നടന്ന റയൽ മാഡ്രിഡ് – ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ആദ്യ ഗോൾ ബെൻസിമയുടെ വകയായിരുന്നു. സിനദിൻ സിദാന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോളടിക്കുന്ന ഫ്രഞ്ച് താരം കൂടി ആയി മാറി ബെൻസിമ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 ആം മിനുട്ടിൽ ലിവർപൂൾ ഗോൾ കീപ്പർ ലോറിസ് കരിയസിന്റെ കൈയബദ്ധം ബെൻസിമ ഗോളാക്കിമാറ്റി. കരിയസ് പിടിച്ച പന്ത് നേരെ ബെൻസിമയുടെ കാലിലേക്ക് എത്തിയതോടെ പന്ത് വലയിലേക്ക് തിരിച്ചു വിടുക എന്നത് മാത്രമേ ബെൻസിമയുടെ മുന്നിൽ ഉണ്ടായിരുന്നുള്ളു. ചാമ്പ്യൻസ് ലീഗ് സെമിയിലെ പ്രകടനത്തിന്റെ ആവർത്തനമാണ് ബെൻസിമയിൽ നിന്നുമുണ്ടായത്. ബയേണിനെതിരെ ഇരട്ട ഗോളുകളാണെങ്കിൽ ഫൈനലിൽ ആദ്യ ഗോൾ നേടാനും ബെൻസീമക്ക് കഴിഞ്ഞു.

2014 ൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിലാണ് ലോസ് ബ്ലാങ്കോസും ലിവർപൂളും ഏറ്റുമുട്ടിയത്. രണ്ടു മത്സരങ്ങളിലായി മൂന്നു ഗോളുകളാണ് റെഡ്‌സിനെതിരെ ബെൻസിമയുടെ സമ്പാദ്യം. ആ ഗോളുകൾ മറന്നാലും ഫൈനലിൽ ബെൻസിമ നേടിയ ഗോൾ ലിവർപൂൾ ആരാധകർ മറക്കില്ല. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ മൂന്നാം കിരീടത്തിനും റയൽ നന്ദി പറയേണ്ടത് BBC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലോകോത്തര ആക്രമണ നിരയോടാണ്. ഫൈനലിൽ പിറന്ന മൂന്നു ഗോളുകളും ബിബിസിയുടേതാണ്. ഇരട്ട ഗോളുകൾ ഗാരെത് ബെയ്‌ലിന്റെ വകയായി ഇന്നലെ പിറന്നു. ഫൈനലിൽ ഗോളടിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയിൽ നിന്നുമുണ്ടായത്. ചാമ്പ്യൻസ് ലീഗിലെ ക്രിസ്റ്റിയാനോയുടെ സമ്പാദ്യം 12 മത്സരങ്ങളിൽ നിന്നുമായി 15 ഗോളുകളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial