ചെൽസി പ്രീക്വാർട്ടറിലേക്ക്!! ഹവേർട്സിന്റെ ഗംഭീര ഗോളിൽ ഓസ്ട്രിയൻ പരീക്ഷണം കടന്നു

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ ചെൽസി പരാജയപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. സാൽസ്ബർഗിന്റെ മികച്ച പ്രകടനവും മറികടന്നാണ് ചെൽസിയുടെ വിജയം. ഗ്രഹാം പോട്ടറിന്റെ ചെൽസിയിലെ അപരാജിത കുതിപ്പ് തുടരാനും ഈ ഫലം കൊണ്ടായി.

20221025 225151

ഇന്ന് ആദ്യ പകുതിയിൽ കൊവാചിചിലൂടെ ആണ് ചെൽസി ലീഡ് എടുത്തത്. 23ആം മിനുട്ടിൽ ഒരു നല്ല സ്ട്രൈക്കിലൂടെ ആയിരുന്നു കൊവാചിചിന്റെ ഗോൾ. 297 ദിവസത്തിനു ശേഷമാണ് കൊവാചിച് ചെൽസിക്കായി ഒരു ഗോൾ നേടുന്നത്‌.

ഈ ഗോളിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ സാൽസ്ബർഗ് മറുപടി പറഞ്ഞു. ഇടതു വിങ്ങിൽ നിന്ന് വോബർ നൽകിയ ഒരു ലോങ് ക്രോസ് അദമു ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

20221025 233741

പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു. 64ആം മിനുട്ടിൽ പുലിസ്ചിന്റെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ വെച്ച് ഹവേർട്സ് തൊടുത്ത ഇടം കാലൻ സ്ട്രൈക്ക് ചെൽസിയുടെ വിജയ ഗോളായി മാറി.

ഈ വിജയത്തോടെ ചെൽസി പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് മിലാൻ അവരുടെ മത്സരം വിജയിച്ചാൽ ചെൽസി ഗ്രൂപ്പ് ചാമ്പ്യന്മാരും ആകും. ചെൽസിക്ക് 5 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് ആണുള്ളത്. സാൽസ്ബർഗിന് 6 പോയിന്റും.