എവേ മത്സരങ്ങളിൽ കാണാത്ത പെപ്പ് മാജിക്, നാണക്കേടിന്റെ റെക്കോർഡ്

പേര് കേട്ട പരിശീലകൻ ആണെങ്കിലും ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളിലെ റെക്കോർഡ് പെപ് ഗാർഡിയോളക്ക് നാണകേടാവുന്നു. നോകൗട്ട് മത്സരങ്ങളിലെ എവേ റെക്കോർഡ് ആണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പിന് ചീത്ത പേര് സമ്മാനിക്കുന്നത്. അവസാനം കളിച്ച 24 നോകൗട്ട് എവേ മത്സരങ്ങളിൽ 5 എണ്ണത്തിൽ മാത്രമാണ് ഗാർഡിയോളക്ക് വിജയിക്കാനായത്. ഇന്നലെ ആൻഫീല്ഡിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർന്നതോടെ സിറ്റി ഇത്തവണ ക്വാർട്ടർ ഫൈനലിന് അപ്പുറം കാണില്ല എന്ന ആശങ്കയിലാണ് സിറ്റി ആരാധകർ.

10 വർഷത്തിനിടെയാണ് ഈ 24 മത്സരങ്ങൾ പെപ്പ് കളിച്ചത്. ഇതിൽ കേവലം അഞ്ചെണ്ണത്തിൽ മാത്രം ജയിക്കുക എന്നത് 2 തവണ ചാമ്പ്യൻസ് ലീഗ് നേടിയ പരിശീലകൻ എന്ന നിലയിൽ ഒട്ടും അഭിമാനിക്കാവുന്ന നേട്ടവുമല്ല. ബാഴ്സകൊപ്പം 2 തവണ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും ബയേണിൽ പെപ്പിന് ഒരിക്കൽ പോലും നേട്ടം ആവർത്തിക്കാൻ ആയിരുന്നില്ല. സിറ്റിയിൽ ഇത് രണ്ടാം തവണയും സെമി കാണാതെ പുറത്താവുന്ന ലക്ഷണവുമാണ്. ആൻഫീൽഡിൽ ലിവർപൂളിന്റെ ആക്രമണത്തിന് ഉത്തരമില്ലാതെ പോയ പെപ്പിന് ഇത്തവണ പ്രീമിയർ ലീഗ് കിരീടം ഉറപ്പാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായാൽ അടുത്ത സീസണിൽ സമ്മർദം ഏറും എന്ന് ഉറപ്പാണ്.

ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ടീം എന്ന് പലരും പുകഴ്ത്തിയ സിറ്റി ആൻഫീൽഡിൽ തകർന്നതോടെ പലരും പെപ്പിനെതിരെ വിമർശനം അഴിച്ചു വിടും എന്ന് ഉറപ്പാണ്. അടുത്ത ആഴ്ച്ച രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചു വരവോടെ മറുപടി നൽകാനാവും പെപ്പിന്റെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅയാക്സിന്റെ സ്റ്റേഡിയത്തിന് ഇനി ക്രൈഫിന്റെ പേര്
Next articleപയ്യന്നൂർ സെവൻസ്, സൂപ്പർ സോക്കർ ബീച്ചാരിക്കടവിന് ജയം