കിടിലൻ ഗോളുമായി ഗ്രീസ്‌മാൻ, അത്ലറ്റികോക്ക് ചാംപ്യൻസ് ലീഗിൽ ആദ്യ ജയം

- Advertisement -

ചാംപ്യൻസ് ലീഗ് നോകൗട്ട് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന അത്ലറ്റികോ മാഡ്രിഡ് അവസരത്തിനൊത്ത് ഉയർന്നപ്പോൾ റോമകെതിരെ അവർക്ക് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. അന്റോൻ ഗ്രീസ്‌മാൻ നേടിയ അത്ഭുത ഗോളും ഗമെയ്‌റോയുടെ ഗോളുമാണ് സിമയോണിയുടെ ടീമിന് ജയം സമ്മാനിച്ചത്. ജയത്തോടെ 6 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡിന് സാധ്യതകൾ വിദൂരമാണെങ്കിലും ഇനി ചെൽസിയോട് ജയിക്കുകയും റോമ കരബാഗിനെതിരെ പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താൽ സാധ്യതയുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ചെൽസിക്ക് പിന്നാലെ റോമ തന്നെ യോഗ്യത നേടാനാണ് സാധ്യത. അത്ലറ്റികോ ജയിച്ചതോടെ ചെൽസിക്ക് ഗ്രൂപ്പിൽ ഒന്നാമത്തെത്താനുള്ള അവസരവും വന്നു. അടുത്ത മത്സരത്തിൽ അത്ലറ്റിക്കൊക്കെതിരെ 1 പോയിൻറെങ്കിലും നേടാനായാൽ ചെൽസിക്ക് ഗ്രൂപ്പ് ചാംപ്യന്മാരാവാൻ സാധിക്കും.

ആക്രമണ നിരയിൽ ഗ്രീസ്മാനൊപ്പം ടോറസിനെ ആദ്യ ഇലവനിൽ  ഉൾപ്പെടുത്തിയാണ് അത്ലറ്റികോ പരിശീലകൻ ടീമിനെ ഒരുക്കിയത്. റോമ നിരയിൽ പതിവ് പോലെ എഡിൻ സെക്കോയാണ് ആക്രമണം നയിച്ചത്. ആദ്യ പകുതിയിൽ അത്ലറ്റികോ ഏതാനും മികച്ച ഷോട്ടുകളുമായി മുന്നിട്ട് നിന്നെങ്കികും ഗോൾ മാത്രം അകന്നു നിന്നു. പക്ഷെ രണ്ടാം പകുതിയിൽ ഗ്രീസ്‌മാൻ തന്റെ കേളീ മികവിനൊത്ത ഒന്നാന്തരമൊരു ഷോട്ടിലൂടെ അത്ലറ്റികോക്ക് അർഹിച്ച ലീഡ് സമ്മാനിച്ചു.  ബോക്സിൽ കൊറയ നൽകിയ പാസ്സ് ഓവർ ഹെഡ് കിക്കിലൂടെയാണ് ഗ്രീസ്‌മാൻ ഗോളാക്കിയത്. ഗോൾ വഴങ്ങിയതോടെ റോമ ഡിഫ്രൽ, എൽ ശരാവി എന്നിവരെ ഇറക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ഇതിനിടെ രണ്ടാം കാർഡ് കണ്ട റോമ താരം ബ്രൂണോ പേരെസ് പുറത്തായതോടെ അത്ലറ്റികോ രണ്ടാം ഗോളും നേടി. ഇത്തവണ ഗ്രീസ്മാന്റെ പാസ്സ് ഗമെറോ ഗോളാക്കി.

നേരത്തെ ഇതേ ഗ്രൂപ്പിൽ കരാബാഗിനെ തോൽപിച്ച ചെൽസി നോകൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും 8 പോയിന്റുള്ള റോമ തന്നെയാണ് ഗ്രൂപ്പിൽ രണ്ടാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement