
ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ മൂന്നാം കിരീടത്തിനോടൊപ്പം മറ്റൊരു സന്തോഷകരമായ വാർത്തയാണ് റയൽ മാഡ്രിഡ് ആരാധകർക്കായി പുറത്ത് വന്നിട്ടുള്ളത്. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ ഗാരെത് ബെയ്ൽ ഈ ആഴ്ച ചാമ്പ്യൻസ് ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. പകരക്കാരനായി ഇറങ്ങി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോളടിക്കുന്ന ആദ്യ താരമായി മാറിയിരുന്നു ബെയ്ൽ.
രണ്ട് ഫൈനലുകളിൽ സ്കോർ ചെയ്യുന്ന ആദ്യ വെൽഷ് താരം എന്ന റെക്കോർഡിനൊപ്പം റൊണാൾഡൊ, റൗൾ, എറ്റൊ, മെസ്സി, മാൻസുകിച്, റാമോസ് എന്നീ താരങ്ങൾക്കൊപ്പം രണ്ട് ഫൈനലുകളിൽ സ്കോർ ചെയ്ത ചുരുക്കം താരങ്ങളൂടെ ലിസ്റ്റിലും ബെയിൽ എത്തി. 2014 ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ആയിരുന്നു ബെയിലിന്റെ ആദ്യ ഫൈനൽ ഗോൾ.
62ആം മിനുട്ടിൽ പകരക്കാരനായി ബെയിൽ ഇറങ്ങി 122 സെക്കൻഡുകൾക്കുള്ളിലാണ് അത്ഭുത ഗോൾ പിറന്നത്. കഴിഞ്ഞ മാസം യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്ത അത്ഭുത ഗോളിനോട് കിടപിടിക്കുന്ന മറ്റൊരു ബൈസൈക്കിൾ ഗോൾ. മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ബെയ്ലിന്റെ രണ്ടാം ഗോൾ പിറന്നത്. ബെയ്ലിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് കരിയസ് തട്ടിയകറ്റാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial