“ചാമ്പ്യൻസ് ലീഗിൽ എല്ലാവരും ഭയപ്പെടുന്ന ടീമായി ചെൽസി മാറി”

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. അത്ലറ്റികോ മാഡ്രിഡിനെതിരായ പ്രീ ക്വർട്ടർ ഫൈനൽ മത്സരം ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ.

ചെൽസി അർഹിച്ച വിജയമാണ് നേടിയതെന്നും ക്വർട്ടറിൽ എതിരാളികൾ കളിക്കാൻ ഭയക്കുന്ന ഒരു ടീമായി ചെൽസി മാറിയിട്ടുണ്ടെന്നും ചെൽസി പരിശീലകൻ പറഞ്ഞു. ഇത്തരത്തിലുള്ള പ്രകടനങ്ങൾ സീസണിൽ മികച്ച മുന്നേറ്റം നടത്തുന്നതിന് ടീമിനെ സഹായിക്കുമെന്നും ടൂഹൽ പറഞ്ഞു.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടർ ഫൈനൽ മത്സരത്തിൽ ചെൽസി വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചിരുന്നു. നേരത്തെ അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലും ചെൽസി 1-0ന് ജയിച്ചിരുന്നു.

ഫ്രാങ്ക് ലാമ്പർഡിനെ ചെൽസി പുറത്താക്കിയതിന് ശേഷം ചെൽസിയിൽ എത്തിയ തോമസ് ടൂഹലിന് കീഴിൽ ചെൽസി ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഫൈനലിൽ എത്തിയത്.