ഇന്നാണ് അങ്കം, യൂറോപ്പ് ഭരിക്കാൻ പി എസ് ജിയും ബയേണും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഫുട്ബോൾ ആരാധകർക്ക് ഒരു സ്വപ്ന പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ യൂറോപ്പിലെ രണ്ട് കരുത്തർ നേർക്കുനേർ വരുന്നു. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയെ ആണ് ഇന്ന് ഫൈനലിൽ നേരിടുന്നത്. ലിസ്ബണിൽ ഇന്ന് യൂറോപ്പിലെ രണ്ട് ടീമുകളിൽ നേർക്കുനേർ വരുമ്പോൾ ആരാകും വിജയിക്കുക എന്ന് പ്രവചിക്കുക സാധ്യമല്ല.

ലോകോത്തര താരങ്ങളുടെ വലിയ നിര തന്നെയാണ് ഇന്ന് അങ്കത്തിന് ഇറങ്ങുന്നത്. സെമിയിൽ ലെപ്സിഗിനെ തകർത്തു കൊണ്ടായിരുന്നു പി എസ് ജി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. നെയ്മർ, എമ്പപ്പെ, ഡി മറിയ എന്നിവരുടെ മികവ് ആണ് പി എസ് ജിക്ക് ഫൈനലിലേക്കുള്ള വഴിയിൽ കരുത്തായത്. റയൽ മാഡ്രിഡ് ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്താണ് പി എസ് ജി നോക്കൗട്ട് റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. നോക്കൗട്ടിൽ അവർ ഡോർട്മുണ്ട്, അറ്റലാന്റ, ലെപ്സിഗ് എന്നീ ടീമുകളെ ഒക്കെ മറികടന്നു. പി എസ് ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്.

ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബയേൺ നോക്കൗട്ടിൽ എത്തിയത്. ചെൽസിയും ബാഴ്സലോണയും നോക്കൗട്ടിൽ ബയേണിന്റെ ഇരകളായി. സെമിയിൽ ലിയോണും ബയേണ് മുന്നിൽ വീണു. ചെൽസി രണ്ട് പാദങ്ങളിലായി 7-1ന്റെയും ബാഴ്സലോണ ഒറ്റ മത്സരത്തിൽ 8-2ന്റെയും പരാജയമാണ് ബയേണിൽ നിന്ന് നേരിട്ടത്. നാൽപ്പതിൽ അധികം ഗോളുകൾ 10 മത്സരങ്ങളിൽ നിന്നായി ബയേൺ ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നേടി. ലെവൻഡോസ്കി മാത്രം 15 ഗോളുകൾ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നേടി.

ഇന്ന് രാത്രി 12.30നാണ് ഫൈനൽ നടക്കുക. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം. പി എസ് ജി അവരുടെ ആദ്യ യൂറോപ്യൻ കിരീടം നേടുമോ അതോ ബയേൺ അവരുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമോ എന്ന് ഇന്ന് രാത്രി അറിയാം.