
ചാമ്പ്യൻസ് ലീഗിൽ ഇന്ന് മൊണാകോ ഡോർട്മുണ്ട് പോരാട്ടം. ബുണ്ടസ് ലീഗയിൽ സമീപകാലത്തേറ്റ തിരിച്ചടികൾക്ക് സ്വന്തം മൈതാനമായ സിഗ്നൽ ഇടുന പാർക്കിൽ മൊണക്കൊക്കെതിരായ ജയത്തോടെ മറുപടി പറയാനാവും ഡോർട്ട് മുണ്ടിന്റെ ശ്രമം. പക്ഷെ ലീഗ് 1 ഇൽ പാരിസ് സെയിന്റ് ജർമ്മനെ പിന്നിലാക്കി ഒന്നാമതിരിക്കുന്ന മൊണാക്കോയെ തളക്കുക എന്നത് അവർക്ക് അങ്ങേയറ്റം ദുഷ്കരമായ ജോലിയാവും. പ്രത്യേകിച്ചും സമീപ കാലത്തെ ഏറ്റവും മികച്ച മൊണാക്കോ ടീമിനെയാണ് അവർക്ക് നേരിടാനുള്ളത് എന്നത് കണക്കിൽ എടുക്കുമ്പോൾ.
മാഞ്ചസ്റ്റർ സിറ്റിയെ ആവേശകരമായ മത്സരത്തിൽ തോൽപ്പിച്ചാണ് മൊണാകോയുടെ വരവ്. അതെ സമയം ബെൻഫിക്കയെ അനായാസം മറികടന്നാണ് ഡോർട്മുണ്ട് ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്.
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച രണ്ട് ആക്രമണ നിരയുടെ പോരാട്ടമാവും ഇന്ന് നടക്കുക , മൊണാക്കോ നിരയിൽ ഫാൽകാവോയുടെ അനുഭവ സമ്പത്തിനൊപ്പം കെയ്ലൻ മ്പാപ്പെയുടെ അസാധ്യ പേസ് കൂടെ ചേരുമ്പോൾ ഡോർട്ട് മുണ്ട് പ്രതിരോധത്തിന് പിടിപ്പതു പണിയുണ്ടാവും. കൂടാതെ. ബെർണാണ്ടോ സിൽവ അടക്കമുള്ള മൊണാക്കോ മധ്യ നിരയും അസാധ്യ ഫോമിലുമാണ്.
ഡോർട്ട്മുണ്ട് നിരയിലും ആക്രമണ ശക്തിക്ക് കുറവൊന്നുമില്ല. യൂറോപ്പിലെ പൊന്നും വിലയുള്ള സ്ട്രൈക്കർ അബമായാങിൽ തന്നെയാവും അവരുടെ പ്രതീക്ഷകൾ മുഴുവൻ . പക്ഷെ അവസാന ലീഗ് മത്സരത്തിൽ ബയേർണിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് ഡോർട്ട്മുണ്ട് താരങ്ങൾ എത്രത്തോളം മാനസികമായി മോക്ഷം നേടിയിരിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ജർമ്മൻ ടീമിന്റെ സാധ്യതകൾ. പരിക്കുമൂലം ഒരു മാസത്തോളം പുറത്തിരിക്കേണ്ടിവന്ന മാർക്കോ റൂസ് ഡോർട്മുണ്ട് നിരയിൽ തിരിച്ചെത്തിയേക്കും.