
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ റയൽ മാഡ്രിഡ് ബൊറുസിയ ഡോർട്ട്മുണ്ടിനെ നേരിടും. സിഗ്നൽ ഇഡൂന പാർക്കിലാണ് നിലവിലെ ചാമ്പ്യന്മാർ ജർമ്മൻ കപ്പ് ജേതാക്കളോട് ഏറ്റുമുട്ടുന്നത്. സ്പാനിഷ് ലീഗിലെ തിരിച്ചടികൾ ഒരു തകർപ്പൻ ജയം കൊണ്ട് മറക്കാൻ റയൽ ആഗ്രഹിക്കുമ്പോൾ ബുണ്ടസ് ലീഗയിലെ മികച്ച ഫോം തുടരാനാവും വെക്കാനാകും ഡോർട്ട്മുണ്ട് ശ്രമിക്കുക. സിഗ്നൽ ഇഡൂന പാർക്കിൽ ലോക പ്രശസ്തമായ മഞ്ഞപ്പടയുടെ മുൻപിൽ ഇത് വരെ നേടാനാവാത്ത വിജയമാണ് റൊണാൾഡോയും കൂട്ടരും ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ സമയം 12.15 AM നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മത്സരത്തിന് കിക്കോഫ്.
സ്വപ്ന തുല്ല്യമായ തുടക്കമാണ് ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന് ലഭിച്ചിരിക്കുന്നത്. 6 മത്സരങ്ങളിൽ ഒരു ഗോൾ വഴങ്ങി 19 ഗോൾ അടിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാക്ക് ആൻഡ് യെല്ലോസ്. ഗ്ലാഡ്ബാക്കിനെതിരെ 6-1 ന്റെ വിജയം സ്വന്തമാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ സ്പർസിനോടേറ്റ തിരിച്ചടിയാണ് ഡോർട്ട്മുണ്ടിന്റെ പ്രതിരോധത്തെ ആശങ്കയോടെ നോക്കികാണാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്. അതേ സമയം സ്പാനിഷ് ലീഗിൽ ചാമ്പ്യന്മാർ പുറകിലേക്ക് പോകുന്ന കാഴ്ച്ചയാണ് കണ്ടത്. ആറാം സ്ഥാനത്തേക്ക് ലോസ്ബ്ലാങ്കോസ് കാലിടറി വീണെങ്കിലും സിദാനും കൂട്ടരും തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിൽ റയൽ കുതിപ്പ് നടത്തിയപ്പോളൊക്കെ പരാജിതരുടെ പട്ടികയിൽ ഒരു ജർമ്മൻ ടീം ഉണ്ടായിരുന്നു. 2013ൽ ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള ലെവൻഡോസ്കിയുടെ നാല് ഗോളിൽ റയൽ സെമിയിൽ വീണ് പോയെങ്കിലും അടുത്ത സീസണിൽ തിരിച്ചു വന്നു. ബയേണിനേയും ഷാൽകയേയും തകർത്താണ് റയൽ ചാമ്പ്യൻസ് ലീഗടിച്ചത്.
സിഗ്നൽ ഇഡൂന പാർക്കിൽ റയലിന് ജയങ്ങൾ ഒന്നുമില്ലെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജർമ്മൻ ടീമുകൾക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡ് ആണ്. ജർമ്മൻ ടീമുകൾക്കെതിരെ 19 മത്സരങ്ങളിൽ 23 ഗോളുകളും അതിൽ ഡോർട്ട്മുണ്ടിനെതിരെ നേടിയ നാല് ഗോളുകളും ഉൾപ്പെടും. 107 ചാമ്പ്യൻസ് ലീഗ് ഗോളുകളുമായി കുതിക്കുന്ന റൊണാൾഡോക്ക് കടിഞ്ഞാണിടുകയായിരിക്കും ഡോർട്ട്മുണ്ട് പ്രതിരോധത്തിന് മുൻപിലുള്ള പ്രധാന പ്രശ്നം. ഒരു പോയന്റെങ്കിലും നേടിയാലെ ചാമ്പ്യൻസ് ലീഗിലെ ഈ ‘മരണ’ ഗ്രൂപ്പിൽ നിന്നും ഡോർട്ട്മുണ്ടിന് പുറത്ത് കടക്കാൻ സാധിക്കൂ. മഞ്ഞപ്പടയുടെ സൂപ്പർ സ്ട്രൈക്കർ പിയറി-എമെറിക് ഓബമയാങ്ങ് ആണ് റയലിന് തലവേദനയാകുക. 9 മത്സരങ്ങളിൽ 12 ഗോളുമായി ഗോൾ വേട്ട തുടരുകയാണ് ഓബമയാങ്ങ്. ഈ സീസണിൽ ക്ലബ്ബിലെത്തിയ മാക്സിമില്യൻ ഫിലിപ്പും യെർമലാങ്കോയും ഡോർട്ട്മുണ്ടിന്റെ അക്രമണനിരയെ ശക്തമാക്കുന്നു. യുവതാരങ്ങളായ മാർക് ബാർട്രയുടെയും പുളിസികിന്റെയും തകർപ്പൻ ഫോമും അതിഥേയർക്ക് മുതൽക്കൂട്ടാവും. പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയ ജൂലിയൻ വീഗിളും ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെയും ഡോർട്ട്മുണ്ടിന്റെ സാധ്യതകൾ ഉയർത്തുന്നു. പീറ്റർ ബോഷിന്റെ അതിവേഗത്തിലുള്ള അക്രമണങ്ങളാണോ സിദാന്റെ തന്ത്രങ്ങളാണോ വിജയിക്കുക എന്നത് കാത്തിരുന്ന് കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial