ഡി ഹിയ വേൾഡ് ക്ലാസ്, പരിക്കേൽക്കാതെ മാഞ്ചസ്റ്റർ സ്പെയിൻ വിട്ടു

- Advertisement -

ഡേവിഡ് ഡി ഹിയ എന്ന കാവൽ മാലാഖ പോസ്റ്റിനു കീഴിൽ അത്ഭുതങ്ങൾ കാണിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ കാര്യമായ പരിക്കേൽക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെയിൻ വിട്ടു. സെവിയ്യയെ നേരിട്ട മൗറീന്യോയും സംഘവും ഗോൾ രഹിത സമനിലയുമായാണ് മടങ്ങിയത്.

ആദ്യ പകുതിയിൽ നിരവധി സേവുകളാണ് ഡി ഹിയ നടത്തേണ്ടി വന്നത്. അതിൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നെ നടത്തിയ ഇരട്ട രക്ഷപ്പെടുത്തലുകൾ ഡി ഹിയ ഏറ്റവും മികച്ച ഗോൾ കീപ്പർ ആണെന്ന യുണൈറ്റഡ് ആരാധകരുടെ വാദത്തിന് ബലം കൂട്ടുന്നതയിരുന്നു. പോഗ്ബയെയും മാർഷലിനേയും ബെഞ്ചിൽ ഇരുത്തി ഡിഫൻസീവ് മൈൻഡുമായി ഇറങ്ങിയ മൗറീന്യോ ആഗ്രഹിച്ച ഫലം തന്നെയാണ് ലഭിച്ചത്.

ഈ ഫലം ഓൾഡ്ട്രാഫൊഡിൽ രണ്ടാം പാദത്തിന് ഇറങ്ങുമ്പോൾ യുണൈറ്റഡിന് മുൻതൂക്കം നൽകും. സെവിയ്യയുടെ ഹോമിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്ന ആദ്യ എതിരാളി എന്ന റെക്കോർഡ് ഇന്നത്തെ ക്ലീൻഷീറ്റോടെ ഡിഹിയക്ക് സ്വന്തമായി. മികച്ച ഫലം ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഹെരേരയെ പരിക്കേറ്റ് നഷ്ടമായത് യുണൈറ്റഡിന് തിരിച്ചടിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement