വീണ്ടും ഡാനി ആൽവസ് മാജിക്, യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പ്രതിഭയ്ക്ക് പ്രായം തടസമായിട്ടില്ലെന്നു പ്രഖ്യാപിക്കുന്ന കിടിലൻ പ്രകടനവുമായി ബ്രസീലിയൻ താരം ഡാനി ആൽവസ് വലത് വിങ്ങിൽ നിറഞ്ഞാടിയപ്പോൾ മൊണാക്കോയെ തോൽപിച് യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. തുറിനിലെ സ്വന്തം മൈതാനത്ത് ഫ്രഞ്ച് ടീമായ മൊണാക്കോയെ 2-1 തോൽപ്പിച്ചതോടെയാണ് സീരി എ യിലും കിരീടമുറപ്പിച്ച യുവന്റസ് ഫൈനലിൽ ഇടം നേടിയത്. ഇരു പാദങ്ങളിലുമായി 4-1 എന്ന സ്കോറിൽ ആധികാരിക ജയമായിരുന്നു അവരുടേത്.

ആദ്യ സെമി ഫൈനലിൽ 2 ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചുവരവിന് എതിരില്ലാത്ത 2 ഗോളെങ്കിലും നേടേണ്ടിയിരുന്ന മൊണാക്കോക്ക് പക്ഷെ പേരുകേട്ട ഇറ്റാലിയൻ പ്രതിരോധകോട്ട തകർക്കാനായില്ല. കിലിയൻ മ്പാപ്പേയും ഫാൾകൊവോയും ബെർണാണ്ടോ സിൽവയുമെല്ലാം ബാനുചിക്കും ചില്ലെനിക്കും മുന്നിൽ മുട്ട് മടക്കുന്ന കാഴ്ചയാണ് തുറിനിൽ കണ്ടത്. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് 6 തവണ ഷോട്ട് പായിച്ച യുവേയുടെ ആക്രമണ നിര മാരിയോ മൻസുക്കിച്ചിലൂടെ ലീഡ് നേടി, 33 ആം മിനുട്ടിൽ ഡാനി ആൽവസ് ബോക്സിലേക്ക് നൽകിയ പാസ്സ് മൻസുക്കിച് ഗോളിലേക്ക് ഹെഡ്ഡർ പായിച്ചെങ്കിലും മൊണാക്കോ ഗോളി തടുത്തു, തിരികെ പന്ത് മൻസുഖിച്ചിനു തന്നെ ലഭിച്ചു, ഇത്തവണ പിഴവില്ലാത്ത ഫോളോ അപ് ഷോട്ടിൽ പന്ത് വലയിൽ. അഗ്രിഗേറ്റ് സ്കോറിൽ യുവന്റസിന് 3 ഗോളിന്റെ ലീഡ്. ആദ്യ പകുതിക്ക് പിരിയാൻ ഒരു മിനുറ്റ് ബാക്കി നിൽക്കെ ഡാനി ആൽവസിലൂടെ യുവെ ലീഡ് രണ്ടാക്കി. ഇത്തവണ ബോക്സിന് പുറത്ത് നിന്ന് ആൽവസ് പായിച്ച മിന്നൽ ഷോട്ട് മൊണാക്കോ ഗോളിക്ക് തടുക്കാനാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ ഇറ്റാലിയൻ ചാംപ്യന്മാർക്ക് ആകെ 4 ഗോളിന്റെ ലീഡ്.

രണ്ടാം പകുതിയിൽ 45 മിനുട്ടിൽ 4 ഗോൾ നേടേണ്ട നിലയിൽ കളി ആരംഭിച്ച മൊണാക്കോ യുവനിരക്ക് പക്ഷെ യുവന്റസിന്റെ പരിചയ സമ്പത്തിന്റെ മുൻപിൽ പിടിച്ച് നിൽകാനായില്ല. എങ്കിലും 69 ആം മിനുട്ടിൽ മ്പാപ്പെ പോയിന്റ് ബ്ലാങ്ക് പൊസിഷനിൽ നിന്ന് നേടിയ ഗോളിൽ അവർ ആശ്വാസം കണ്ടെത്തി. പക്ഷെ പിന്നീട് 20 മിനുട്ടിൽ 3 ഗോൾ കണ്ടെത്തുക എന്നത് യുവേ പ്രതിരോധത്തിനെതിരെ അപ്രാപ്യമായിരുന്നു. അങ്ങനെ 4-1 ന് ജയിച്ചു കയറി 3 സീസണിൽ യുവന്റസ് തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക്. ഇന്ന് നടക്കുന്ന അത്ലറ്റികോ – റയൽ സെമി ഫൈനലിലെ വിജയികളെ അവർ ഫൈനലിൽ നേരിടും.

തോറ്റെങ്കിലും ഏറെ പ്രശംസകളുമായിട്ടാവും മൊണാക്കോ ചാമ്പ്യൻസ് ലീഗ് വിടുക, യൂറോപ്യൻ ഫുട്‌ബോളിലേക്ക് ഒരുപറ്റം യുവ താരങ്ങളെ സമ്മാനിച്ച ഫ്രഞ്ച് ടീമിന് അഭിമാനത്തോടെ തന്നെ ഫ്രാൻസിലേക്ക് മടങ്ങാം. ഒരു പക്ഷേ പ്രതിരോധത്തിൽ ഏതാനും അനുഭവ സമ്പന്നർ ഉണ്ടായിരുന്നെങ്കിൽ അവരുടെ വിധി മറ്റൊന്നാവുമായിരുന്നു. ഏതായാലും മ്പാപ്പെക്കും ബൊക്കോയോകോക്കും സിൽവക്കുമെല്ലാം പൊന്നും വിലയുമായി വമ്പൻ ക്ലബ്ബ്കൾ വരാനിരിക്കുന്ന ട്രാൻസ്ഫർ സീസണിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്.

Previous articleപടിക്കൽ കലമുടച്ച് കൊൽക്കത്ത; പഞ്ചാബ് പ്ലേയോഫ്‌ സാധ്യതകൾ നിലനിർത്തി
Next articleക്വാർട്ട്സ് എഫ് സിയുടെ വല വീണ്ടും നിറഞ്ഞു, എഫ് സി കേരളയ്ക്ക് എട്ടു ഗോളിന്റെ ജയം