യൂറോപ്പിന്റെ രാജാവാകാൻ ക്രിസ്റ്റിയാനോ റൊണാൾഡോ

- Advertisement -

ഫുട്ബോൾ ലോകത്തെ ജീവിക്കുന്ന ഇതിഹാസമായ ക്രിസ്റ്റിയാനോ റൊണാൾഡോ ഇന്നിറങ്ങുന്നത് വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് വിജയം സ്വപ്നം കണ്ടാണ്. അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇന്ന് ജയിച്ചാൽ ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കുക. അഞ്ചാം കിരീടം നേടിയാൽ റയലിന്റെ ഇതിഹാസം ആൽഫ്രഡോ ഡി സ്‌റ്റെഫാനോയുടെ റെക്കോർഡിനൊപ്പം റൊണാള്ഡോയെത്തും.

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന്റെ വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിലേക്ക് റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ എത്തിയിരുന്നു. റയലിന്റെ ഇതിഹാസം ആൽഫ്രഡോ ഡി സ്‌റ്റെഫാനോയുടെ റെക്കോർഡിനൊപ്പം 18 ഗോളുകളുമായി റൊണാൾഡോയുണ്ട്. തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻസ് ലീഗിലെ ഗോൾ വേട്ടക്കാരിൽ മുൻപന്തിയിലുള്ള റൊണാൾഡോ ഇന്ന് ലിവർപൂളിനെതിരെ ഗോളടിച്ചാൽ നാല് ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഗോളടിക്കുന്ന ആദ്യ താരമാകും. 

12 മത്സരങ്ങളിൽ നിന്നുമായി 15 ഗോളുകൾ നേടിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ലോസ് ബ്ലാങ്കോസിനൊപ്പം ക്രിസ്റ്റിയാനോ ഇറങ്ങുന്നത്. ഗ്രൂപ്പ് സ്റ്റേജിലെ തുടർച്ചയായ ആറ് മത്സരങ്ങളിൽ ഗോളടിച്ച് ചാമ്പ്യൻസ് ലീഗ് റെക്കോർഡിട്ട റൊണാൾഡോ തുടർച്ചയായ പത്ത് മത്സരങ്ങളിലും ഗോളടിച്ച് മറ്റൊരു റെക്കോർഡ് കൂടെ തിരുത്തി. അഞ്ച് മത്സരങ്ങളിലെ സസ്പെൻഷനുമായി ലാ ലീഗ തുടങ്ങിയ റൊണാൾഡോ 26 ഗോളടിച്ച് സീസൺ അവസാനിപ്പിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയെ വെല്ലാൻ ആരുമില്ല. 

ചാമ്പ്യൻസ് ലീഗിൽ 120 ഗോളുകളടിച്ച റൊണാൾഡോയ്ക്ക് ഫൈനലിൽ സ്‌കോർ ചെയ്യുന്നത് പുതുമയല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ചെൽസിക്കെതിരെ 2008 ചാമ്പ്യൻസ് ലീഗ് ഫൈനലിലും അത്ലറ്റിക്കോ മാഡ്രിഡിനെതിരായ 2014 ഫൈനലിലും റൊണാൾഡോ സ്‌കോർ ചെയ്തു. കഴിഞ്ഞ സീസണിൽ യുവന്റസിനെ തകർത്ത് കാർഡിഫിൽ തുടർച്ചയായ രണ്ടാം തവണ ചാമ്പ്യൻസ് ലീഗ് ഉയർത്തിയപ്പോൾ റൊണാൾഡോ രണ്ടു തവണയാണ് ഗോളടിച്ചത്. ക്ളോപ്പിന്റെയും സലാ – മാനെ- ഫിർമിനോ ത്രയത്തിന്റെയും ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് ആദ്യത്തെ വിലങ്ങ് തടി യൂറോപ്പിന്റെ ഈ രാജാവാണെന്നു നിസംശയം പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement