ലിസ്ബണിൽ ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി പടയോട്ടം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനു എതിരെ വമ്പൻ ജയവുമായി പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പോർച്ചുഗീസ് വമ്പന്മാർക്ക് എതിരെ 62 ശതമാനം പന്ത് കൈവശം വച്ച സിറ്റി നിരവധി അവസരങ്ങൾ ആണ് തുറന്നത്. ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിലെത്തിയ സിറ്റി എതിരില്ലാത്ത 5 ഗോളുകൾക്ക് ആയിരുന്നു മത്സരത്തിൽ ജയം കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ സിറ്റി മത്സരത്തിൽ മുന്നിലെത്തി. കെവിൻ ഡി ബ്രുയിനയുടെ പാസിൽ നിന്നു റിയാദ് മാഹ്രസ് ആയിരുന്നു ഗോൾ നേടിയത്. ആദ്യം റഫറി ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ ഗോൾ അനുവദിക്കുക ആയിരുന്നു. പതിനേഴാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അതിമനോഹരമായ ഒരു ഹാഫ് വോളിയിലൂടെ ബെർണാർഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോളും കണ്ടത്തി.

20220216 033959
മുപ്പത്തി ഒന്നാം മിനിറ്റിൽ റിയാദ് മാഹ്രസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഫിൽ ഫോഡൻ മൂന്നാം ഗോളും കണ്ടതിയതോടെ സിറ്റി വലിയ ജയം ഉറപ്പിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റഹീം സ്റ്റർലിങിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ബെർണാർഡോ സിൽവ സിറ്റിക്ക് ആദ്യ പകുതിയിൽ തന്നെ നാലു ഗോൾ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ കണ്ടത്തിയ റഹീം സ്റ്റർലിങ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഇത് വരെ 10 വ്യത്യസ്ത താരങ്ങൾ സിറ്റിക്ക് ആയി ഗോൾ നേടിയിട്ടുണ്ട് എന്നത് അവരുടെ ആക്രമണ മികവ് ആണ് കാണിക്കുന്നത്. ആദ്യ പാദത്തിൽ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ആയ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഈ പ്രകടനങ്ങളിലൂടെ ആവർത്തിച്ചു പറയുന്നത്.