മാഞ്ചസ്റ്റർ സിറ്റിയുടെ ചീട്ട് മൂന്നായി കീറി ലിവർപൂൾ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ എന്ന ലക്ഷ്യത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി എത്തണമെങ്കിൽ ഇനി ഇത്തിഹാദ് സ്റ്റേഡിയത്തിൽ അത്ഭുതം നടക്കേണ്ടു വരും. കാരണം അത്രയും വലിയ പരാജയമാണ് ഇന്ന് ആൻഫീൽഡിൽ സിറ്റി വഴങ്ങിയത്. ലിവർപൂളിന്റെ പ്രസിംഗിനും വേഗതയ്ക്കും മുന്നിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെട്ടത്.

ആദ്യ മുപ്പത്തി ഒന്ന് മിനുട്ടുകളിൽ ആയിരുന്നു ക്ലോപ്പിന്റെ ലിവർപൂൾ താണ്ഡവമാടിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പ് തകർക്കപ്പെട്ട ആൻഫീൽഡ് മൈതാനം ഇന്ന് മറ്റൊരു സിറ്റി തകർച്ചയ്ക്കുള്ള വേദി ആവുകയായിരുന്നു. 12ആം മിനുട്ടിൽ മൊ സാലയാണ് ഗോൾവേട്ട ആരംഭിച്ചത്. ഫെർമിനോയുടെ കാലിൽ നിന്ന് ലാസ് സ്വീകരിച്ച് സീസണിലെ തന്റെ 38 ഗോൾ നേടുകയായിരുന്നു സാല.

21ആം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഗംഭീര സ്ട്രൈക്കിലൂടെ ഓക്സ് ചാമ്പർലേൻ ആണ് സിറ്റിയുടെ വല രണ്ടാമതും കുലുക്കിയത്. ആ സ്ട്രൈക്കിനു മുന്നിൽ എഡേഴ്സണ് കാഴ്ച്ചക്കാരൻ ആകാൻ മാത്രമെ ആയുള്ളൂ. 31ആം മിനുട്ടിൽ മാനെയാണ് ഗോൾപട്ടിക പൂർത്തിയാക്കിയത്. ഇത്തവണ സാല ആയിരുന്നു ഗോൾ അവസരം ഒരുക്കിയത്.

മൂന്നു ഗോളുകൾക്ക് ശേഷം ക്ലീൻ ഷീറ്റ് സംരക്ഷിക്കുന്നതിലായിരുന്നു ലിവർപൂളിന്റെ ശ്രദ്ധ. അതിൽ അവർ വിജയിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിവാദ ടെസ്റ്റിനു ശേഷം ന്യൂലാന്‍ഡ്സില്‍ കൊള്ളക്കാരുടെ ആക്രമണവും
Next articleസെൽഫ് ഗോളുകളിൽ റോമ തകർന്നു