ചാമ്പ്യസ്‌ ലീഗിൽ ഇന്ന് അഗ്യൂറോ vs ഫാൽക്കാവോ!

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗ് നോകൗട്ട് സ്റ്റേജ് ആദ്യ പാദ മത്സരങ്ങൾക്കായ് കരുത്തരായ മാഞ്ചെസ്റ്റർ സിറ്റിയും അത്ലറ്റികോ മാഡ്രിഡും ഇന്നിറങ്ങും. സിറ്റിക്ക് ഫ്രഞ്ച് ലീഗിലെ കരുത്തരായ മൊണാക്കോ ആണ് എതിരാളികൾ, അത്ലറ്റികോ മാഡ്രിഡിന് ബയർ ലവർകൂസനും.

മാഞ്ചെസ്റ്റർ സിറ്റിയുടെ സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് കളിയെങ്കിലും മോണോക്കോ പോലൊരു ശക്തമായ ടീമിനെ തോല്പിക്കണമെങ്കിൽ പെപ് ഗാർഡിയോളയുടെ ടീമിന് സർവ്വ കരുത്തും പുറത്തെടുക്കേണ്ടി വരും, പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഏതാണ്ട് പുറത്താണെന്നു ഗാർഡിയോള സമ്മതിച്ച സ്ഥിതിക്ക് ചാമ്പ്യൻസ് ലീഗിലെ പ്രകടനം സിറ്റിക്ക് നിർണായകമാണ്, ഫാൽകാവോ, ബെർണാണ്ടോ സിൽവ അടക്കമുള്ള ആക്രമണ നിരയെ ഒരു എവേ ഗോൾ നേടുന്നതിൽ നിന്ന് തടയുക എന്നതാവും ഇന്ന് സിറ്റിയുടെ പ്രധാന ലക്ഷ്യം. ഗബ്രിയേൽ ജീസസ് പരിക്കേറ്റ് പുറത്തായതോടെ ആക്രമണ ചുമതല സെർജിയോ അഗ്യൂറോ തന്നെ ഏറ്റെടുക്കേണ്ടി വരും.

നിലവിൽ ലീഗ് വണ്ണിൽ മുന്നിൽ നിൽക്കുന്ന മൊണാക്കോ യൂറോപ്പിലെ തന്നെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിരയാണ്, സീസണിൽ 19 ഗോളുമായി പഴയ പ്രതാപത്തിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്ന രദമൽ ഫാൽകാവോ തന്നെയാവും അവരുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുക. മാഞ്ചെസ്റ്റർ സിറ്റിയാവട്ടെ പ്രധാന താരങ്ങളായ വിൻസെന്റ് കമ്പനി, ഗബ്രിയേൽ ജീസസ്, ക്ളീഷി എന്നിവർ പരിക്കിന്റെ പിടിയിലും, ഗോൾ സ്കോറിങ്ങിൽ ടീമിന്റെ പ്രധാന ആശ്രയമായ അഗ്യുറോ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ നിഴൽ മാത്രമാണ്. സിറ്റി ഗോൾ വല കാക്കാൻ ഇത്തവണയും ബ്രാവോയിൽ നിന്ന് ഒന്നാം നമ്പർ ഗോളി പദവി നേടിയെടുത്ത ബില്ലി കാബിയേറോ തന്നെയാവും.

മൊണാക്കോ നിരയിൽ സസ്പെൻഷനിലായ ജെമേഴ്സൺ , പരിക്ക് പറ്റിയ ഗബ്രിയേൽ ബോഷിലിയ എന്നിവർക്ക് കളിക്കാനാവില്ല. മറ്റൊരു ഇംഗ്ലീഷ് ടീമായ ആർസെനൽ ബയേൺ മ്യൂണിക്കിനോട്   തോറ്റു തിരിച്ചു വരവ് അപ്രാപ്യമായ സ്ഥിതിയിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ഏക പ്രതീക്ഷയും സിറ്റി തന്നെയാണ് എന്നതും പെപ്പിന്റെ ടീമിന് അധിക സമ്മർദമാവും.

ജർമ്മനിയിൽ സ്വന്തം മൈതാനത്തു സിമയോണിയുടെ അത്ലറ്റിക്കൊക്കെതിരെ ഗോൾ അടിക്കുക എന്നത് ലെവർകൂസന് ഭാരിച്ച ചുമതലയാവും, പ്രതിരോധത്തിന് പേര് കേട്ട സിമിയോണിയുടെ ടീമിനെതിരെ പക്ഷെ മിന്നും ഫോമിൽ തുടരുന്ന ഹാവിയർ ഹെർണാണ്ടസ് അടക്കമുള്ള മുന്നേറ്റ നിരകൊണ്ട് ജയം നേടാം എന്ന് തന്നെയാവും ലെവർകൂസന്റെ ശ്രമം. സ്വന്തം മൈതാനത്ത് ഒരു ജയം സാധ്യമായില്ലെങ്കിൽ അത്ലറ്റിക്കോയുടെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ജയിക്കുക എന്നത് ലവർകൂസന് പ്രയാസകാരമാവും.

പ്രതിരോധത്തിന്റെ പേരിൽ പേരെടുക്കുമ്പോഴും യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള ആക്രമണ നിരയും സിമയോണിക്കു കരുത്താണ്. അന്റോണിയോ ഗ്രീസ്മാനും ,യാനിക് കറാസ്കോയും ഏതൊരു ആക്രമണ നിരയുടെയും ആത്മവിശ്വാസം തകർക്കാൻ കെൽപ്പുള്ളവരാണ്. കഴിഞ്ഞ ആഴ്ച സൂപ്പർ ഗോൾ നേടി പഴയ പ്രതിഭയുടെ മിന്നാലാട്ടം പുറത്തെടുത്ത ഫെർണാണ്ടോ ടോറസും അത്യാവശ്യ ഘട്ടങ്ങളിൽ ടീമിന് മുതല്കൂട്ടാവുന്നുണ്ട്, പക്ഷെ സീസണിൽ ല ലീഗെയിലെ സമ്മിശ്ര പ്രകടനത്തിലെ അപാകതകൾ അവർ പ്രകടിപ്പിച്ചാൽ അതിന്റെ ആനുകൂല്യം ആധിപത്യമാക്കാൻ കരുത്തുള്ളതാണ് നിലവിലെ ലെവർകൂസന്റെ ടീം.

അത്ലറ്റികോ താരങ്ങളായ ജാൻ ഒബ്ലേക്, യുവാൻ ഫ്രാൻ ,ഗോഡിൻ, തിയാഗോ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. അതികൊണ്ടു തന്നെ ഒരു ക്ലീൻ ഷീറ്റ് നേടുക എന്നത് സിമിയോണിയുടെ ടീമിന് ദുഷ്കരമാവും, പ്രത്യേകിച്ചും ലവർകൂസന്റെ സീസണിലെ ഹോം മത്സരങ്ങളിലെ മികച്ച റെക്കോർഡ് പരിഗണിക്കുമ്പോൾ.

നാളെ പുലർച്ചെ ഇന്ത്യൻ സമയം 1 മണിക്കാണ് ഇരു മത്സരങ്ങളുടെയും കിക്കോഫ്.

Advertisement