റെക്കോർഡിട്ട് അഗ്യൂറോ, സിറ്റി കുതിപ്പ് തുടരുന്നു

ഇത്തിഹാദിലെ തോൽവിക്ക് സ്വന്തം മൈതാനത്ത് പകരം വീട്ടാനാവാതെ നാപോളി. പൊരുതി കളിച്ചിട്ടും മാഞ്ചസ്റ്റർ സിറ്റിയോട് അവർക്ക് 2-4 ന്റെ തോൽവി. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന സിറ്റി ഇതോടെ നോകൗട്ടിൽ ഇടം നേടി. ഗ്രൂപ്പിൽ ഇതുവരെ ഉള്ള നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ നാപോളിക്ക് ഇനി നോകൗട്ടിൽ കടക്കുക എന്നത് പ്രയാസകരവുമാവും. ഇന്നത്തെ മത്സരത്തിൽ നേടിയ ഗോളോടെ സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന ക്ലബ്ബ് റെക്കോർഡും സ്വന്തമാക്കി.

കെയിൽ വാൽകാറിന് പകരം ഡാനിലോയേയും സിൽവക്ക് പകരം ഗുണ്ഡോകനേയും ഉൾപ്പെടുത്തിയാണ് പെപ്പ് ടീമിനെ ഇറക്കിയത്. ഇൻസിഗ്‌നേയും മേർട്ടൻസും അടക്കമുള്ള നാപോളി ആക്രമണ നിര തുടക്കം മുതൽ സിറ്റിക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്.  21 ആം മിനുട്ടിൽ മെർട്ടൻസും ഇൻസിഗ്‌നേയും ചേർന്ന് നടത്തിയ മികച്ച നീക്കത്തിൽ ഇൻസിഗ്‌നേ നാപോളിയെ മുന്നിൽ എത്തിച്ചു. പക്ഷെ 31 ആം മിനുട്ടിൽ നാപോളി ലെഫ്റ്റ് ബാക്ക് ഫൗസി ഗൗലാം പരിക്കേറ്റ് പുറത്ത് പോയതോടെ മാഞ്ചസ്റ്റർ സിറ്റി പതുക്കെ തങ്ങളുടെ പതിവ് താളം കണ്ടെത്തി. നാപോളി പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞതോടെ സിറ്റിക്ക് കാര്യങ്ങൾ എളുപമായി. 34 ആം മിനുട്ടിൽ ഗുണ്ടോകൻ ബോക്സിലേക്ക് നൽകിയ പാസ്സ് ഹെഡ്ഡറിലൂടെ ഗോളാക്കി നിക്കോളാസ് ഒട്ടാമെണ്ടി സിറ്റിയുടെ സമനില ഗോൾ നേടി. പിന്നീടും നാപോളി ഗോൾ മുഖം നിരന്തരം ആക്രമിച്ച സിറ്റിക്ക് നിർഭാഗ്യം കൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ ലീഡ് നേടാനാവാതെ പോയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി ലീഡ് നേടി. ഇത്തവണ  മറ്റൊരു സെൻട്രൽ ഡിഫെൻഡറായ ജോണ് സ്റ്റോൻസ് ആണ് ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിൽ എത്തിച്ചത്. പക്ഷെ ലീഡ് വഴങ്ങിയ നാപോളി ഉണർന്ന് കളിച്ചതോടെ സിറ്റിക്ക് മത്സര തുടക്കത്തിൽ എന്ന പോലെ വീണ്ടും പ്രതിരോധിക്കേണ്ടി വന്നു. ഇതിനിടയിൽ ഇൻസിഗ്‌നെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 62 ആം മിനുട്ടിൽ പക്ഷെ നാപോളി സമനില ഗോൾ കണ്ടെത്തി. പെനാൽറ്റിയിലൂടെ ജോര്ജിഞ്ഞോയാണ് നാപോളിയെ ഓപ്പമെത്തിച്ചത്. പക്ഷെ പിന്നീട് ലീഡ് നേടാൻ പരിശ്രമിക്കുന്നതിനിടയിൽ പ്രതിരോധം കാക്കാൻ മറന്ന നാപോളിയെ മികച്ച കൗണ്ടർ അറ്റാക്കിനോടുവിൽ സെർജിയോ അഗ്യൂറോ ശിക്ഷിച്ചു. സ്കോർ 2-3. ഈ ഗോളോടെ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡും അഗ്യൂറോക്ക് സ്വന്തമായി. കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കിയിരിക്കെ ഡുബ്രെയ്‌നയുടെ പാസ്സിൽ സ്റ്റെർലിങ് ഗോൾ നേടിയതോടെ നാപോളിയുടെ പതനം പൂർത്തിയായി.

ജയത്തോടെ 12 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി നോകൗട്ട് റൗണ്ടിൽ കടന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫെയെനൂർഡിനെ തോൽപിച്ച ശാക്തറാണ് ഗ്രൂപ്പിൽ 9 പോയിന്റുമായി രണ്ടാമത്. 3 പോയിന്റ് മാത്രമുള്ള നാപോളിയുടെ നില ഇതോടെ പരുങ്ങലിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെംബ്ലിയിൽ തോറ്റമ്പി റയൽ, നോകൗട്ട് ഉറപ്പിച്ച് സ്പർസ്
Next articleഹ്യൂമേട്ടൻ കേരള മണ്ണിൽ എത്തി