ആവേശ പോരാട്ടത്തിനൊടുവിൽ സിറ്റി

- Advertisement -

ചാമ്പ്യൻസ് ലീഗ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നിൽ ഒടുവിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ത്രസിപ്പിക്കുന്ന ജയം ! കാണികൾക്ക് കണ്ണുചിമ്മാൻ ഇട നൽകാത്ത വിധം ആവേശത്തിന്റെ കൊടുമുടി കയറിയ മത്സരത്തിൽ 3 നെതിരെ 5 ഗോളുകൾക്കാണ് പെപ് ഗാർഡിയോളയുടെ ടീം സ്വന്തം മൈതാനത്ത് ജയം കണ്ടത്.

യൂറോപ്പിലെ ഏറ്റവും ശക്തമായ ആക്രമണ നിരയുമായി മാഞ്ചെസ്റ്ററിലെത്തിയ മൊണാക്കോ മികച്ച തുടക്കമാണ് മത്സരത്തിൽ നേടിയത്, മത്സരത്തിന്റെ ഗതിക്ക് വിപരീതമായി പക്ഷെ ആദ്യ ഗോൾ നേടിയത് മാഞ്ചെസ്റ്റർ സിറ്റിയിയാണ്, 26 ആം മിനുട്ടിൽ സാനെ നൽകിയ മികച്ച പാസ് വലയിലെത്തിച്ചു റഹീം സ്റെർലിങാണ് 8 ഗോളുകൾ പിറന്ന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച മൊണാക്കോ വൈകാതെ തന്നെ ഫാൾക്കാവോയിലൂടെ സമനില ഗോൾ നേടി , 40 ആം മിനുട്ടിൽ 18 വയസ്സ് മാത്രമുള്ള മൊണാക്കോ സ്ട്രൈക്കർ മ്പാപ്പെ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ മൊണാക്കോ ആധിപത്യം ഉറപ്പിച്ചു, കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങളുമായി മൈതാനം നിറഞ്ഞ മൊണാക്കോ ടീം അർഹിച്ച ഗോൾ തന്നെയായിരുന്നു അത്.

രണ്ടാം പകുതിയിൽ 50 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഫാൽകാവോ നഷ്ടപ്പെടുത്തിയതോടെ ലഭിച്ച ആശ്വാസം പിന്നീട് സിറ്റി ആക്രമണ നിരക്ക് ആവേഷമാവുന്നതാണ് കണ്ടത് , 58 ആം മിനുട്ടിൽ സ്റെർലിംഗിന്റെ പാസിൽ അഗ്യൂറോ മൊണാക്കോ വല ചലിപ്പിച്ചതോടെ ചാമ്പ്യൻസ് ലീഗ് കണ്ട ഏറ്റവും മികച്ച 30 മിനിട്ടുകൾക്ക് കളമൊരുക്കി , 61 ആം മിനുട്ടിൽ ഫുട്ബാൾ പ്രേമികൾ 2 സീസൺ മുൻപ് വരെ ആസ്വദിച്ച ഫാൽകാവോ എന്ന ഏറ്റവും മികച്ച ഫിനിഷറുടെ പ്രതിഭാ സ്പർശമുള്ള ഗോളെത്തി , ബോക്സിൽ ജോൺ സ്റ്റോൺസിനെ മറികടന്ന് സിറ്റി ഗോളി കാബിയെറോയുടെ തലയ്ക്കു മുകളിലൂടെ കിടിലനൊരു ഫിനിഷ്.

മൂന്നാം ഗോളും വഴങ്ങിയതോടെ പിന്നീട് മൊണാക്കോക്ക് അവസാരമൊന്നും നൽകാതെ മൊണാക്കോ ഗോൾ മുഖത്തേക്ക് ഇരമ്പി കയറുന്ന സിറ്റി താരങ്ങളെയാണ് കണ്ടത് , 71 ആം മിനുട്ടിൽ അഗ്യൂറോ തന്നെ സമനില ഗോൾ നേടി , 77 ആം മിനുട്ടിൽ പ്രതിരോധത്തിൽ വരുത്തിയ ഭീമൻ പിഴവുകൾക് പരിഹാരമെന്നോണം ഡിഫെണ്ടർ ജോൺ സ്റ്റോൺസ് മൊണാക്കോ വല ചലിപ്പിച്ചതോടെ മത്സരത്തിൽ ഏറെ വൈകിയാണെങ്കിലും സിറ്റി ലീഡ് നേടി , ഒടുവിൽ ലിറോയ് സാനെ 5 ആം ഗോളും സിറ്റിക്കായി നേടിയതോടെ 8 ഗോളുകൾ പിറന്ന മത്സരത്തിലെ അവസാന ഗോളും പൂർത്തിയായി. സിറ്റി അർഹിച്ച 2 പെനാൽറ്റി ആവശ്യം റഫറി നിരസിച്ചില്ലായിരുന്നു എങ്കിൽ മൊണാക്കോയുടെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നേനെ.

ജയിച്ചെങ്കിലും രണ്ടാം പാദത്തിൽ മൊണാക്കോയുടെ മൈതാനത്തേക്ക് പോകുന്ന സിറ്റിക്ക് ഏറെ വിയർപ്പോഴുക്കേണ്ടി വരും അവസാന 8 ഇൽ എത്താൻ , പ്രതിരോധത്തിൽ വരുത്തുന്ന ഭീമൻ പിഴവുകൾ തിരുത്താതെ സിറ്റിയുടെ മുൻപോട്ടുള്ള പോക്ക് തീർത്തും ദുഷ്കരമാവും. മൊണാക്കോ ആവട്ടെ തങ്ങളുടെ ഏറ്റവും വലിയ കരുത്തായ ആക്രമണ നിരയിൽ വിശ്വാസം അർപ്പിച്ചു തന്നെയാവും രണ്ടാം പാദത്തിനിറങ്ങുക.

ജർമ്മനിയിൽ ജയിച് അത്ലറ്റികോ

പതിവുപോലെ പ്രതിരോധത്തിലെ അച്ചടക്കവും പ്രത്യാക്രമണങ്ങളിലെ കൃത്യതയും അത്ലറ്റികോ മാഡ്രിഡ് നില നിർത്തിയപ്പോൾ ജർമ്മൻ ടീമായ ബയേർ ലെവർകൂസനെതിരെ അത്ലറ്റികോ മാഡ്രിഡിന് 4-2 ന്റെ ജയം.

പന്തടക്കത്തിലടക്കം ആധിപത്യം പുലർത്തിയ ജർമ്മൻ ടീമിനെ ലഭിച്ച അവസരങ്ങളിൽ കൃത്യമായ ഫിനിഷിങ്ങിലൂടെയാണ്  അത്ലറ്റികോ തളച്ചത്. 17 ആം മിനുട്ടിൽ യുവ താരം സൗൽ നിഗൂസിന്റെ ഇടം കാലൻ ഫിനിഷിലൂടെ ലീഡ് നേടിയ അത്ലറ്റികോ 25 ആം മിനുട്ടിൽ ലീഡ് രണ്ടായി ഉയർത്തി , ആന്റോൺ ഗ്രീസ്മാനാണ് ഗോൾ നേടിയത്. ഗോഡിനും യുവാൻഫ്രാനും ഇല്ലാതെയിറങ്ങിയ അത്ലറ്റികോ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത്‌ കരിം ബെല്ലറാബി ലെവർകൂസന്റെ ആദ്യ ഗോൾ നേടി , രണ്ടാം പകുതിയിൽ 58 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഗമെയ്റോ അത്ലറ്റിക്കോയുടെ 2 ഗോൾ ലീഡ് പുനഃസ്ഥാപിച്ചു, എന്നാൽ 67 ആം മിനുട്ടിൽ ലെവർകൂസന്റെ ഒരു മുന്നേറ്റം ഒരു അത്ലറ്റികോ സെൽഫ് ഗോളിലാണ് അവസാനിച്ചത് – അത്ലറ്റികോ ഗോളി മിക്കേൽ എയ്ഞ്ചൽ മോയയുടെ പിഴവ് സ്റ്റീഫൻ സാവിച്ചിന്റെ സെൽഫ് ഗോൾ.  എന്നാൽ 78 ആം മിനുട്ടിൽ യാനിക് കറാസ്കോക്ക് പകരക്കാരനായി ഇറങ്ങിയ ഫെർണാണ്ടോ ടോറസ് 86 ആം മിനുട്ടിൽ ഗോൾ നേടിയതോടെ അത്ലറ്റികോ ആധിപത്യം പൂർത്തിയായി. 2 ഗോൾ വ്യത്യാസവും 4 എവേ ഗോളും കൈവശമുള്ള അത്ലറ്റിക്കോയെ അവരുടെ മൈതാനത്ത് രണ്ടാം പാദത്തിൽ മറികടന്ന് അവസാന 8 ഇൽ എത്തുക എന്നത് ഇനി ലെവർകൂസനെ സംബന്ധിച്ച് ബാലികേറാ മലയാവും.

ഇന്നലെ നടന്ന 2 മത്സരങ്ങളുടെയും രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 15 നാണ് നടക്കുക.

Advertisement