ആദ്യം ചെൽസിയുടെ അത്ഭുത തിരിച്ചുവരവ്, പിന്നെ സെമി ഉറപ്പിച്ച റയൽ മാഡ്രിഡിന്റെ ക്ലാസ്!! മാഡ്രിഡ് കണ്ടത് ഫുട്ബോളിന്റെ മാസ്മരിക സൗന്ദര്യത്തെ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് മാഡ്രിഡിൽ ചെൽസിയും റയൽ മാഡ്രിഡും കളിച്ച ഫുട്ബോൾ അടുത്ത കാലത്ത് ഒന്നും ഒരു ഫുട്ബോൾ പ്രേമിക്കും മറക്കാൻ ആകാത്ത മത്സരമാകും. 120 മിനുട്ടോളം നീണ്ട പോരാട്ടത്തിന് ഒടുവിൽ റയൽ മാഡ്രിഡ് സെമിയിലേക്ക് മാർച്ച് ചെയ്യുന്നതാണ് ബെർണബെയുവിൽ കണ്ടത്. 3-1ന്റെ ആദ്യ പാദ അഡ്വാന്റേജുമായി ഇറങ്ങിയ റയൽ മാഡ്രിഡ് ഇന്ന് ഒരു ഘട്ടത്തിൽ അഗ്രിഗേറ്റ് സ്കോറിൽ 3-4 എന്ന നിലയിൽ പുറകിൽ പോയിരുന്നു. എങ്കിലും അവസാനം റയൽ കരകയറി. ഇന്നത്തെ മത്സരം 3-2ന് ചെൽസി വിജയിച്ചു എങ്കിലും 5-4ന്റെ അഗ്രിഗേറ്റ് സ്കോറിൽ റയൽ മാഡ്രിഡ് സെമി ഉറപ്പിച്ചു.

ആദ്യ പാദത്തിലെ വലിയ വിജയം നൽകിയ അമിതാത്മവിശ്വാസം റയൽ മാഡ്രിഡിന് തിരിച്ചടിയാകുന്നതാണ് ഇന്ന് ബെർണബയുവിൽ തുടക്കത്തിൽ തന്നെ കണ്ടത്. റയൽ മാഡ്രിഡിന്റെ രണ്ട് നല്ല അറ്റാക്കുകളോടെയാണ് കളി തുടങ്ങിയത് എങ്കിലും ചെൽസി 15ആം മിനുട്ടിൽ ലീഡ് എടുത്തു. വെർണറിന്റെ പാസിൽ നിന്ന് മേസൺ മൗണ്ടിന്റെ സ്ട്രൈക്കിനൊപ്പം കോർതുവ ചാടി നോക്കിയെങ്കിൽ പന്ത് തൊടാൻ പോലും ആയില്ല. ചെൽസി 1-0. അഗ്രിഗേറ്റിൽ 2-3.
20220413 015827
ചെൽസി ഈ ഗോള് മുതൽ അങ്ങോട്ട് കളിയിൽ മെച്ചപ്പെട്ട പാസിങും നീക്കങ്ങളും നടത്തി. റയൽ മാഡ്രിഡ് ആകട്ടെ പതിവ് താളത്തിലേക്ക് എത്താതെ വിയർത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ ഡിഫൻഡറായ റൂദിഗറിന്റെ സ്ട്രൈക്കിൽ നിന്ന് ചെൽസി രണ്ടാം ഗോളും നേടി. മാഡ്രിഡ് നിശബ്ദമായി. ചെൽസി 2-0. അഗ്രിഗേറ്റ് 3-3.

പിന്നെയും കളി ചെൽസിയുടെ കയ്യിൽ തന്നെ. 63ആം മിനുട്ടിൽ മറ്റൊരു ഡിഫൻഡറായ അലോൺസോയിലൂടെ ചെൽസി മൂന്നാം ഗോളും നേടി. കളി 4-3 എന്നായി എന്ന് തോന്നിപ്പിച്ച നിമിഷം. പക്ഷെ വാർ പരിശോധനക്ക് ശേഷം പന്ത് ഗോളടിക്കും മുമ്പ് അലോൺസോയുടെ കയ്യിൽ തട്ടി എന്ന് പറഞ്ഞ് ആ ഗോൾ നിഷേധിക്കപ്പെട്ടു. റയലിന് ശ്വാസം തിരികെ കിട്ടിയ നിമിഷം.

ഇതിനു പിന്നാലെ ഒരു അറ്റാക്ക് റയൽ മാഡ്രിഡ് നടത്തി. ബെൻസീമയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടി മടങ്ങി. ആ അറ്റാക്ക് അവിടെ നിന്നു. 76ആം മിനുട്ടിൽ ചെൽസി അവർ അർഹിച്ച മൂന്നാം ഗോൾ നേടി. കൊവാചിചിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് വെർണർ റയൽ മാഡ്രിഡ് പെനാൾട്ടി ബോക്സിൽ ഒരു ഡാൻസ് തന്നെ നടത്തി. റയൽ ഡിഫൻസ് മുഴുവൻ നിലത്ത് കിടക്കവെ വെർണർ പന്ത് വലയിലും എത്തിച്ചു. സ്കോർ 3-0. അഗ്രിഗേറ്റ് സ്കോറിൽ 4-3. അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാൻ.

കളി ഇവിടെയും തീർന്നില്ല. 80ആം മിനുട്ടിൽ ലൂകാ മോഡ്രിചിന്റെ അത്ഭുത പാസ്. റോഡ്രിഗോയുടെ അതിനൊത്ത് നിന്ന മികച്ച ഫിനിഷ്. റയലിന് ഒരു ഗോൾ. സ്കോർ 1-3. അഗ്രിഗേറ്റിൽ 4-4.

നിശ്ചിത സമയത്തിന്റെ അവസാനം വരെ ഇരു ടീമുകളും വിജയ ഗോളിനായി പൊരുതി നോക്കി. ചെൽസി താരം പുലിസികിന് അവസാനം രണ്ട് നല്ല അവസരം കിട്ടിയെങ്കിലും രണ്ടും ടാർഗറ്റിലേക്ക് എത്തിയില്ല. അവസാനം കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ റയലിന്റെ വിശ്വസ്ത കൂട്ടുകെട്ടായ വിനീഷ്യസും ബെൻസീമയും ഒരുമിച്ചു. 96ആം മിനുട്ടിൽ ഇടതുവിങ്ങിലൂടെ വന്ന് വിനീഷ്യസ് നൽകിയ ക്രോസ് ബെൻസീമ കൃത്യമായി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. സ്കോർ 2-3 അഗ്രിഗേറ്റിൽ റയലിന് അനുകൂലമായി 5-4.

പിന്നീട് വിജയം ഉറപ്പിക്കൽ മാത്രമായിരുന്നു റയൽ മാഡ്രിഡിന്റെ ലക്ഷ്യം. അവർ അത് 120 മിനുട്ടും പൊരുതി വിജയം ഉറപ്പിച്ചു.