ചെൽസിയോട് സമനില, അത്ലറ്റികോ ചാംപ്യൻസ് ലീഗിന് പുറത്ത്

- Advertisement -

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിക്ക് അത്ലറ്റിക്കൊക്കെതിരെ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ അത്ലറ്റികോ ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് സി യിൽ റോമ ഒന്നാം സ്ഥാനവും ചെൽസി രണ്ടാം സ്ഥാനവും നേടി. ഇരു ടീമുകൾക്കും 11 പോയിന്റ് ഉണ്ടെങ്കിലും ചെൽസിക്കെതിരെ ഒരു മത്സരം ജയിക്കാനായത് റോമയെ ഗ്രൂപ്പ് ചാംപ്യന്മാരാകുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റോമ കരാബാഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെതിരെ ജയം കണ്ട ടീമിൽ  നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കോണ്ടേ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിയെ അണി നിരത്തിയത്. റൂഡിഗറിന് പകരം കാഹിലും, ആലോൻസോക്ക് പകരം സപകോസ്റ്റേയും, ഡ്രിങ്ക് വാട്ടറിന് പകരം ബകയോകോയും ചെൽസി ആദ്യ ഇലവനിൽ ഇടം നേടി. അത്ലറ്റികോ നിരയിൽ മുൻ ചെൽസി താരങ്ങളായ ഫെർണാണ്ടോ ടോറസും, ഫിലിപ്പേ ലൂയിസും ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു.
ജയം അനിവാര്യമായ മത്സരത്തിൽ പക്ഷെ അത്ലറ്റികോ കാര്യമായി ചെൽസിയെ ആക്രമിച്ചില്ല. ചെൽസിയാവട്ടെ കൃത്യമായ ഇടവേളകളിൽ അത്ലറ്റികോ ബോക്സിൽ ആക്രമണങ്ങൾ നടത്തി. സപകോസ്റ്റയുടെ മികച്ച ഷോട്ട് അത്ലറ്റികോ ഗോളി ഓബ്ലാക്ക് തടഞ്ഞു. മൊറാത്തക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാകാനായില്ല. ആദ്യ പകുതിയിൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും നടത്താനാവാതെയാണ് അത്ലറ്റികോ അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ഗോളിനായി അത്ലറ്റികോ ശ്രമിച്ചതോടെ ചെൽസി ഗോൾ മുഖത്ത് അവർ സ്ഥിരം ശ്രമങ്ങൾ തുടർന്നു. 56 ആം മിനുട്ടിൽ അത്ലറ്റികോ ഗോൾ നേടി. കോർണറിൽ നിന്ന് ടോറസ് നൽകിയ പാസ്സ് ഗോളിലാക്കി സൗൾ നിഗസാണ് അവരെ മുന്നിലെത്തിച്ചത്. ഗോൾ വഴങ്ങിയതോടെ കോണ്ടേ പെഡ്രോ, വില്ലിയൻ എന്നിവരെ കളത്തിലിറക്കി. 75 ആം മിനുട്ടിൽ ചെൽസി സമനില ഗോൾ കണ്ടെത്തി. ഈഡൻ ഹസാർഡിന്റെ ഷോട്ട് സ്റ്റെഫാൻ സാവിച്ചിന്റെ സെൽഫ് ഗോളാവുകയായിരുന്നു. പിന്നീട് ചെൽസിയെ മുന്നിലെത്തിക്കാൻ വില്ലിയന് മികച്ച അവസരം ലഭിച്ചെങ്കിലും താരം പുറത്തേകടിച്ചു.

രണ്ടാം സ്ഥാനത്തായതോടെ പി എസ് ജി, ബാഴ്സ, ബേസിക്താസ്, ലേയ്‌പ്സിക് എന്നിവരിൽ ആരെങ്കിലുമാവും എതിരാളികളായി വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement