ചെൽസി ചാംപ്യൻസ് ലീഗ് നോകൗട്ട് ഉറപ്പിച്ചു

- Advertisement -

കരബാഗിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോൽപിച്ച ചെൽസി ചാംപ്യൻസ് ലീഗ് നോക്ഔട്ടിലേക്ക് യോഗ്യത ഉറപ്പാക്കി. വില്ലിയന്റെ ഇരട്ട ഗോളുകളും ഹസാർഡ്, ഫാബ്രിഗാസ് എന്നിവർ നേടിയ പെനാൽറ്റി ഗോളുകളുമാണ് ചെൽസിക്ക് അനായാസ ജയം സമ്മാനിച്ചത്.  നേരത്തെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ കരാബാഗിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് ചെൽസി തകർത്തിരുന്നു.

പ്രീമിയർ ലീഗിൽ കളിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് കോണ്ടേ ടീമിനെ ഇറക്കിയത്. മൊറാത്ത, കാഹിൽ, ക്രിസ്റ്റിയൻസൻ, ബകയോക്കോ എന്നിവർക്ക് വിശ്രമം അനുവദിച്ച കോണ്ടേ പകരം വില്ലിയൻ, പെഡ്രോ, റൂഡിഗർ, ലൂയിസ് എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. മത്സരത്തിലെ ആദ്യ അവസരം കരബാഗിനാണ് ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. പക്ഷെ ഷോട്ട് ചെൽസി പോസ്റ്റിൽ തട്ടി മടങ്ങി. ഏറെ വൈകാതെ ചെൽസിയുടെ ആദ്യ ഗോൾ പിറന്നു. വില്ലിയനെ ബോക്സിൽ വീഴ്ത്തിയത്തിന് കരബാഗ് ക്യാപ്റ്റൻ സദിഗോവിന് ചുവപ്പ് കാർഡും ചെൽസിക്ക് അനുകൂലമായി പെനാൽറ്റിയും. കിക്കെടുത്ത ഹസാർഡ് ഗോളാക്കിയത്തോടെ ചെൽസി ഒരു ഗോളിന് മുന്നിൽ. പിന്നീട് നിരന്തരം കരബാഗ് ബോക്സിൽ ആക്രമിച്ചു കളിച്ച ചെൽസി 36 ആം മിനുട്ടിൽ ലീഡ് രണ്ടാക്കി. ഇത്തവണ പെഡ്രോ, വില്ലിയൻ, ഹസാർഡ് എന്നിവർ നടത്തിയ മികച്ച നീക്കത്തിനൊടുവിൽ വില്ലിയനാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ചെൽസി ഇറങ്ങിയത്. കരാബാഗ് മഡറ്റിവിന് പകരം ഡിനിയെവിനെ ഇറക്കി. പക്ഷെ 10 പേരായി ചുരുങ്ങിയ കരബാഗിന് രണ്ടാം പകുതിയിലും കാര്യമായ അവസരങ്ങൾ നൽകാൻ ചെൽസി തയ്യാറായില്ല. മത്സരം  58 മിനുറ്റ് പിന്നിട്ടപ്പോൾ ആലോൻസോയെ പിൻവലിച്ച കോണ്ടേ ഗാരി കാഹിലിനെ ഇറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ ഹാസാർഡിനെ പിൻവലിച്ച കോണ്ടേ മൊറാത്തയെ ഇറക്കി. മൊറാട്ടക്ക് മികച്ച രണ്ടു അവസരങ്ങൾ ലഭിച്ചെങ്കിലും താരത്തിന് മുതലാക്കാനായില്ല. 73 ആം മിനുട്ടിൽ ചെൽസിയുടെ മൂന്നാം ഗോൾ പിറന്നു ഇത്തവണയും വില്ലിയനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് ഫാബ്രിഗാസാണ് ഗോൾ നേടിയത്. ജയം ഉറപ്പിച്ചതോടെ ചെൽസി കാന്റയെ പിൻവലിച്ചു ഡ്രിങ്ക് വാട്ടറിനെ കളത്തിൽ ഇറക്കി. 84 ആം മിനുട്ടിൽ വില്ലിയൻ മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടി ചെൽസിയുടെ ലീഡ് നാലാക്കി ഉയർത്തി. കരബാഗിനെതിരായ ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളാണ് ചെൽസി നേടിയത്.

ജയത്തോടെ 10 പോയിന്റുള്ള ചെൽസി നോകൗട്ടിൽ യോഗ്യത ഉറപ്പിച്ചു. ഇനി അത്ലറ്റികോ മാഡ്രിഡിന് എതിരായ മത്സരത്തിൽ ജയിക്കാനായാൽ ചെൽസിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ നോക്ഔട്ടിലേക്ക് പ്രവേശിക്കാനാവും. ഇന്ന് അൽപ സമയത്തിനകം നടക്കുന്ന റോമാ- അത്ലറ്റികോ മത്സര ഫലവും ചെൽസിയുടെ ഗ്രൂപ്പ് ഫിനിഷിങ്ങിനെ സ്വാധീനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement