മൂന്ന് വർഷത്തേക്കുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ച് യുവേഫ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2021, 2022, 2023 വർഷത്തേക്കുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള വേദികൾ യുവേഫ പുറത്തുവിട്ടു. 2021ൽ സെനിത്തിന്റെ ഹോം ഗ്രൗണ്ടായ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ വെച്ചും 2022 ൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിൽ വെച്ചും 2023ൽ ഇംഗ്ലണ്ടിന്റെ ദേശീയ സ്റ്റേഡിയമായ വെംബ്ലിയിൽ വെച്ചുമാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.

ഇത് രണ്ടാം തവണയാണ് റഷ്യയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്. നേരത്തെ 2008ലും റഷ്യയിലെ മോസ്കൊയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്നിരുന്നു. ബയേൺ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ 2012ലും ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്നിരുന്നു. അന്ന് സ്വന്തം ഗ്രൗണ്ടിൽ ബയേൺ മ്യൂണിക് ചെൽസിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽക്കുകയായിരുന്നു. അതെ സമയം ഇത് എട്ടാം തവണയാണ് വെംബ്ലി യൂറോപ്യൻ ഫൈനൽ പോരാട്ടത്തിന് വേദിയൊരുക്കുന്നത്. 1963, 1968, 1971, 1978 1992, 2011, 2013 എന്നീ വർഷങ്ങളിൽ വെംബ്ലിയിൽ വെച്ച് യൂറോപ്യൻ ഫൈനൽ പോരാട്ടം നടന്നിട്ടുണ്ട്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താൻബുളിലെ അറ്റർക് ഒളിമ്പിയത് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ചാമ്പ്യൻസ് ലീഗ് കൂടാതെ 2021ലെ യൂറോപ്പ ലീഗ് ഫൈനൽ വേദിയും യുവേഫ പ്രഖ്യാപിച്ചിട്ടുണ്ട്. സെവിയ്യയുടെ ഹോം ഗ്രൗണ്ടായ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിൽ വെച്ചാണ് യൂറോപ്പ ലീഗ് ഫൈനൽ നടക്കുക.