ചാമ്പ്യൻസ് ലീഗിൽ വാറിന് ഇന്ന് അരങ്ങേറ്റം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന് ഇന്ന് അരങ്ങേറ്റം. ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ട് മത്സരങ്ങൾ മുതൽ ‘വാർ’ ഉപയോഗിച്ചു തുടങ്ങുമെന്ന് യുവേഫ നേരത്തെ വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് – പി.എസ്. ജി മത്സരമടക്കം ഇന്ന് നടക്കുന്ന നാല് മത്സരങ്ങളിലും ‘വാർ’ സംവിധാനം ഉപയോഗിക്കും.

നാല് പേരടങ്ങുന്ന ടീമാണ് ‘വാർ’ തീരുമാനങ്ങൾ പരിശോധിക്കുക. ഒരു ഒരു വിഡീയോ അസിസ്റ്റന്റ് റഫറി, ഒരു സഹ റഫറി, രണ്ടു വീഡിയോ ഓപ്പറേറ്റർസ് എന്നിവർ അടങ്ങുന്നതാണ് ‘വാർ’ ടീം. മത്സരം നടക്കുന്ന ഓരോ സ്റ്റേഡിയത്തിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടാവും. ഗോളുകൾ, പെനാൽറ്റി ബോക്സിലെ സംഭവങ്ങൾ, ചുവപ്പ് കാർഡുകൾ, ആളു മാറിയുള്ള നടപടികൾ എന്നിവയാണ് ‘വാർ’ റഫറിമാർ പരിശോധനക്ക് വിധേയമാക്കുക.

യൂറോപ്പിലെ മിക്ക ലീഗുകളിലും ‘വാർ’ സംവിധാനം നിലവിലുണ്ട്.  അടുത്ത വർഷം മുതൽ ഗ്രൂപ്പ് ഘട്ടം മുതൽ തന്നെ ‘വാർ’ ഉപയോഗിച്ചു തുടങ്ങും. ‘വാർ’ ഉപയോഗിച്ചു തുടങ്ങുന്നതോടെ ഗോൾ പോസ്റ്റിൽ ഉണ്ടായിരുന്ന റഫറിമാരുടെ സേവനം യുവേഫ വേണ്ടെന്ന് വെച്ചിട്ടുണ്ട്.  2019ലെ യൂറോപ്പ ലീഗ് ഫൈനലിലും 2019ലെ യുവേഫ നേഷൻസ് ലീഗ് ഫൈനലിലും ‘വാർ’ ഉപയോഗിക്കാൻ നേരത്തെ യുവേഫ തീരുമാനിച്ചിട്ടുണ്ട്.