പെനാൽറ്റികൾ! ചുവപ്പ് കാർഡുകൾ! 8 ഗോളുകൾ!, ചാമ്പ്യൻസ് ലീഗ് ക്ലാസ്സിക് രചിച്ച് ചെൽസിയും അയാക്‌സും

Photo: Twitter/@ChelseaFC
- Advertisement -

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിന് ഒടുവിൽ ചെൽസി – അയാക്‌സ് മത്സരം സമനിലയിൽ. ഇരു ടീമുകളും 4 ഗോളുകൾ വീതം നേടിയ മത്സരത്തിൽ VAR ഉം കാർഡുകളും നിറഞ്ഞു നിന്നു. 2 അയാക്‌സ് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ 4-1 ന് പിറകിൽ പോയ ശേഷമാണ് ചെൽസി അപ്രതീക്ഷിത തിരിച്ചു വരവ് നടത്തിയത്. ഗ്രൂപ്പ് H ൽ ഇതോടെ ചെൽസി, അയാക്‌സ്, വലൻസിയ ടീമുകൾക്ക് 7 പോയിന്റ് വീതം ആണ് ഉള്ളത്.

ഈ സീസണിലെ തന്നെ ഏറ്റവും മോശം ആദ്യ പകുതിയാണ് ചെൽസി കളിച്ചത്. അയാക്‌സിന്റെ ആക്രമണ ഫുട്‌ബോളിന് മുൻപിൽ ചെൽസി താരങ്ങൾ തീർത്തും പരുങ്ങി. കളിയുടെ രണ്ടാം മിനുട്ടിൽ അബ്രഹാമിന്റെ സെൽഫ് ഗോളിൽ പിറകിൽ പോയെങ്കിലും 4 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളിൽ ജോർജിഞോ അവരെ ഒപ്പമെത്തിച്ചു. 20 ആം മിനുട്ടിൽ പ്രോമസിന്റെ ഗോളും 35 ആം മിനുട്ടിൽ കെപ്പയുടെ സെൽഫ് ഗോളും പിറന്നതോടെ ആദ്യ പകുതിയിൽ ചെൽസി 1-3 ന് പിറകിലാണ് കളി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ആലോൻസോയെ മാറ്റി ജെയിംസിനെ ഇറക്കിയ ലംപാർഡ് പക്ഷേ 55 ആം മിനുട്ടിൽ വാൻ ഡെ ബീക് അയാക്‌സിന്റെ നാലാം ഗോളും നേടിയതോടെ പരാജയം മണത്തു. പക്ഷെ പിന്നീട് ഓഡോയി കൂടെ ഇറങ്ങിയതോടെ ചെൽസി ആക്രമണം കളിയിൽ പരിപൂർണ്ണ ആധിപത്യം സ്ഥാപിച്ചു. 63 ആം മിനുട്ടിൽ ക്യാപ്റ്റൻ ആസ്പിലിക്വറ്റയുടെ ഗോളിൽ സ്കോർ 2-4 ആകാനായി. പിന്നീട് അയാക്‌സ് സെന്റർ ഹാഫുകളായ ബ്ലിണ്ടും വെൽറ്റ്മാനും ചുവപ് കാർഡ് കണ്ടതോടെ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായി. ഇതേ സമയം തന്നെ റഫറി ചെൽസിക്ക് പെനാൽറ്റിയും നൽകി. ജോർജിഞ്ഞോ വീണ്ടും ഗോൾ നേടിയതോടെ ചെൽസി സമനില പിടിക്കും എന്നുറപ്പായി. ഏറെ വൈകാതെ 74 ആം മിനുട്ടിൽ റീസ് ജെയിംസ് ചെൽസിയുടെ നാലാം ഗോളും നേടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവുകളിൽ ഒന്ന് പൂർത്തിയാക്കി. പിന്നീട് ആസ്പിയിലൂടെ ചെൽസി ജയിച്ചു എന്ന് തോന്നിച്ചെങ്കിലും VAR ഗോൾ അനുവദിച്ചില്ല.

Advertisement