കാർഡ് ലഭിക്കാൻ സമയം കളഞ്ഞു, കാർവഹാളിനെതിരെ യുവേഫ നടപടി വന്നേക്കും

ചാംപ്യൻസ് ലീഗ് നോകൗട്ട് സ്റ്റേജിൽ സസ്‌പെൻഷൻ ഭീഷണിയില്ലാതെ കളിക്കാൻ തന്ത്രം പഴറ്റിയ റയൽ മാഡ്രിഡ് താരം ഡാനി കാർവഹാളിനെതിരെ യുവേഫ അച്ചടക്ക നടപടി എടുത്തേക്കും. അപോളിനെതിരായ ചാംപ്യൻസ് ലീഗ് മത്സരത്തിന്റെ 90 ആം മിനുട്ടിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ 2 മഞ്ഞ കാർഡുകൾ നേടി മൂന്നാം മഞ്ഞ കാർഡ് ഭീഷണിയിൽ നിൽക്കെ മനപൂർവം മഞ്ഞ കാർഡ് ലഭിക്കാനായി സമയം കളഞ്ഞു എന്നതാണ് താരത്തിനെതിരെയുള്ള ആരോപണം. മൂന്നാം മഞ്ഞ കാർഡ് കണ്ട കാർവഹാളിന് ഇതോടെ ഡോർട്ട് മുണ്ടിന് എതിരായ അത്ര പ്രസക്തമല്ലാത്ത മത്സരത്തിൽ കളിക്കാൻ ആവാതെ വന്നിരുന്നു. ഇങ്ങനെ ചെയ്തതോടെ താരത്തിന് ചാംപ്യൻസ് ലീഗ് നോകൗട്ടിൽ കാർഡുകൾ എല്ലാം ക്ലിയർ ചെയ്യപ്പെട്ട് തൊട്ടടുത്ത മത്സരങ്ങളിൽ സസ്‌പെൻഷൻ ഭീഷണി ഇല്ലാതെ കളിക്കാനാവും. പക്ഷെ കാർവഹാളിന്റെ ഈ നടപടി സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ചെയ്യപ്പെട്ടതോടെയാണ് യുവേഫ താരത്തിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്.

അപോളിനെതിരായ മത്സരത്തിൽ ത്രോ എടുക്കാൻ ഏറെ സമയം എടുത്ത കാർവഹാളിനെ റഫറി മഞ്ഞ കാർഡ് കാണിച്ചിരുന്നു. ഇത് താരം മനഃപൂർവം ചെയ്തതാണ് എന്നാണ് ആരോപണം. ഡിസംബർ 7 ന് ഈ കാര്യത്തിൽ യുവേഫ അച്ചടക്ക സമിതി ചർച്ച ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടാൽ 2 മത്സരങ്ങളിൽ താരത്തിന് വിലക്ക് ഉണ്ടാവും എന്നും ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ താരത്തിന് ഡിസംബർ 6 ന് ഡോർട്ട് മുണ്ടിന് എതിരായ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കളിക്കാനാവില്ല.  ഏറെ നാളുകളായി ഹൃദയ സംബന്ധമായ അസുഖം മൂലം കളിക്കാതിരുന്ന മാഡ്രിഡ് ഒന്നാം നമ്പർ റൈറ്റ് ബാക്കായ കാർവഹാൾ ഈ അടുത്താണ് ടീമിലേക്ക് തിരികെ എത്തിയത്. കാർവഹാളിന് വിലക്ക് ലഭിക്കുകയാണെങ്കിൽ നോകൗട്ടിലേക്ക് ഗ്രൂപ്പ് ജേതാക്കളായി വരുന്ന പ്രമുഖ ടീമുകളിൽ ഒന്നിനെ നേരിടേണ്ടി വരുന്ന റയലിന് അത് വൻ തിരിച്ചടിയാകും. നിലവിലെ സാഹചര്യത്തിൽ ടോട്ടൻഹാമിന് പിറകിൽ രണ്ടാം സ്ഥാനകാരായി മാത്രമേ റയലിന് നോകൗട്ട് യോഗ്യത നേടാനാവൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial