ബുഫേണ്‍ – കാസിയാസ് നേര്‍ക്കുനേര്‍

- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്കും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനും ഇന്ന് മത്സരങ്ങൾ. ലെസ്റ്ററിന് സെവിയ്യയും , യുവന്റസിന് പോർട്ടോയുമാണ് എതിരാളികൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ദയനീയ പ്രകടനവുമായി 17 ആം സ്ഥാനത്തായിപോയ ലെസ്റ്ററിനും കോച് റാന്യേരിക്കും അവസാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ് , ചാമ്പ്യൻസ് ലീഗിൽ നിന്ന് കൂടി പുറത്തായാൽ ലെസ്റ്റർ പരിശീലകൻ ക്ലാഡിയോ രനിയേരിയുടെ സ്ഥിതി തീർത്തും പരുങ്ങലിലാവും , അതിനാൽ തന്നെ മികച്ചൊരു പ്രകടനം തന്നെയാവും ലെസ്റ്ററിന്റെ ലക്ഷ്യം.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ജാമി വാർഡി, റിയാദ് മഹരസ് , ഡാനി ഡ്രിങ്ക് വാട്ടർ , വെസ് മോർഗൻ എന്നിവരെല്ലാം ഈ സീസണിൽ ഫോമില്ലാതെ വിഷമിക്കുന്നതാണ് കണ്ടത് , അതിനാൽ അവർക്ക് തങ്ങളുടെ അവസാന സീസണിലെ പ്രകടനം ഒരു ഭാഗ്യം മാത്രമായിരുന്നില്ല എന്ന് തെളിയിക്കേണ്ടതിനുള്ള അവസരമാണ് ചാമ്പ്യൻസ് ലീഗ് മത്സരം. സീസണിൽ സ്വന്തം മൈതാനത്ത് 2 മത്സരങ്ങൾ മാത്രം തോറ്റ സെവിയ്യയെ അവരുടെ മൈതാനത്ത് തളക്കുക എന്നത് ലെസ്റ്ററിന് എളുപ്പമാവില്ല.
ലെസ്റ്റർ നിരയിൽ ഇസ്‍ലാലാം സിൽമാനി , ഉലോവ എന്നിവർ പരിക്കിന്റെ പിടിയിലാണ്.

ലെസ്റ്ററിൽ നിന്ന് ഏറെ വിഭിന്നമാണ് ജോർജ് സാംപൊളിയുടെ സെവിയ്യയുടെ ആഭ്യന്തര ലീഗിലെ പ്രകടനം. ല ലീഗെയിൽ മൂന്നാം സ്ഥാനത്തുള്ള അവർ മികച്ച ഫോമിലാണ്, ജനുവരിയിൽ ക്ലബ്ബിലെത്തിയ സ്റ്റീവൻ ജൊവെറ്റിച് അടക്കമുള്ള ആക്രമണ നിര മികച്ച ഫോമിലാണ്. അവസാന മൂന്ന്‌ യൂറോപ്പ ലീഗ് കിരീടങ്ങളും നേടിയ സെവിയ്യ യൂറോപ്യൻ ഫുട്ബോളിൽ എന്നും മികച്ച ഫോം തുടരുന്ന ടീമാണ്. സെവിയ്യ നിരയിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ല എന്നതും സംപോളിക്ക് ആശ്വാസകരമാവും.

പോർട്ടോയിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടമാണ് നടക്കുക, ഇറ്റാലിയൻ സീരി എ യിൽ വ്യക്തമായ ആധിപത്യത്തോടെ മുന്നിൽ നിൽക്കുന്ന യുവന്റസും പോർ്ചുഗീസ് ലീഗിൽ ബെൻഫിക്കയുടെ തൊട്ടു താഴെ രണ്ടാം സ്ഥാനത്തുള്ള പോർട്ടോയും.
കഴിഞ്ഞ 7 മത്സരങ്ങളും ജയിച്ചാണ് യുവന്റസിന്റെ വരവ്, 7 മത്സരങ്ങളിൽ 2 ഗോൾ മാത്രം വഴങ്ങിയ പ്രതിരോധത്തെ മറികടക്കുക എന്നത് പോർട്ടോക്കു ദുഷ്കരമാവും , കൂടാതെ ഹിഗ്വേയിനും ദിബാലയും അടങ്ങുന്ന ആക്രമണ നിര കൂടിയാവുമ്പോൾ യുവന്റസ് കൂടുതൽ ശക്തമാവുന്നു. പരിക്കേറ്റ്‌ പുറത്തായിരുന്ന പ്രതിരോധനിരക്കാരായ ബാർസാഗ്ളി, ചില്ലെനി എന്നിവർ യുവന്റസ് നിരയിലേക്ക് തിരിച്ചെത്തിയേക്കും.

ചാമ്പ്യൻസ് ലീഗ് കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ രണ്ടുപേർ തമ്മിലുള്ള പോരാട്ടം കൂടിയാകും ഇന്നത്തെ യുവന്റസ്- പോർട്ടോ മത്സരം. മുൻ റയൽ മാഡ്രിഡ് ഇതിഹാസം ഐകർ കാസിയാസ് പോർട്ടോയുടെ വല കാക്കുമ്പോൾ ഇറ്റാലിയൻ ഇതിഹാസം ബുഫേൺ യുവന്റസിന്റെ വല കാക്കാൻ ഇറങ്ങുന്നത് ഫുട്ബാൾ പ്രേമികൾക്ക് വിരുന്നാകും.

കഴിഞ്ഞ 6 കളികളും ജയിച്ച പോർട്ടോയും മികച്ച ഫോമിൽ തന്നെയാണ് , കൂടാതെ സ്വന്തം മൈതാനത്ത് ഇറ്റാലിയൻ എതിരാളികൾക്കെതിരെ അവരുടെ മികച്ച റെക്കോർഡും അവർക്ക് പ്രചോദനമായേകും. മികച്ച ഫോമിലുള്ള ആന്ദ്രേ സിൽവയിലാകും പോർട്ടോയുടെ പ്രതീക്ഷ.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.15 നാണ് ഇരു മത്സരങ്ങളും കിക്കോഫ്

Advertisement