ലിവർപൂളിനെ തളയ്ക്കാൻ ബെൻസിമ

റയൽ മാഡ്രിഡിന്റെ ആക്രമണ നിരയിലെ പ്രധാനിയാണ് കരിം ബെൻസിമ എന്ന ഫ്രഞ്ച് താരം. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ നേടിക്കൊടുത്തു. എന്നാൽ ഇത്തവണ ബെൻസിമ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങുമ്പോൾ ആരാധകർ ഉറ്റു നോക്കുന്നത് ചാമ്പ്യൻസ് ലീഗ് സെമിയിലെ പ്രകടനത്തിന്റെ ആവർത്തനമാണ്. സെമിയിൽ സ്‌കോർ ചെയ്യാനാകാതെ റൊണാൾഡോ വിഷമിച്ചപ്പോൾ ഇരട്ട ഗോളുകൾ അടിച്ചാണ് ഫൈനലിലേക്ക് കരിം ബെൻസിമ റയലിനെ നയിച്ചത്.

ലിവർപൂളിന് അപരിചിതനല്ല ബെൻസിമ. 2014 ൽ രണ്ടു മത്സരങ്ങളിലായി മൂന്നു ഗോളുകളാണ് റെഡ്‌സിനെതിരെ ബെൻസിമയുടെ സമ്പാദ്യം. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിലാണ് ലോസ് ബ്ലാങ്കോസും ലിവർപൂളും ഏറ്റുമുട്ടിയത്. കാർലോ ആൻസലോട്ടിയുടെ കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത റയൽ ഇരു മത്സരങ്ങളിലും ജയിക്കുകയും ബെൻസിമ മൂന്നു ഗോളുകൾ നേടുകയും ചെയ്തു.

സെമിയിലെ മികച്ച പ്രകടനം ബെൻസിമ പുറത്തെടുത്താൽ തടയുക എന്നത് റെഡ്‌സിന്റെ പ്രതിരോധത്തിന് ബാലികേറാമലയാണ്. 2009 ൽ അൻപത് മില്യൺ ഡോളറിനാണ് ലിയോണിൽ നിന്നും ബെൻസിമ റയലിൽ എത്തുന്നത്. ക്യിവിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഒരു പക്ഷെ BBC യുടെ അവസാന ചാമ്പ്യൻസ് ലീഗ് ആവാം. വിജയം മാത്രം ലക്‌ഷ്യം വെച്ചാണ് ബെൻസീമയും റയലും ഇന്നിറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial