മ്യൂണിച്ചിൽ ആഴ്‌സണലിനെ തകർത്ത് ബയേൺ, റയലിന് ജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ റയൽ മാഡ്രിഡിനും, ബയേൺ മ്യുണികിനും ജയം. റയൽ നാപോളിയെ 3-1 തോല്പിച്ചപ്പോൾ ബയേൺ ആഴ്സണലിനെ 5-1 നാണ് തകർത്തത്.

മ്യൂണിച്ചിലെ അലയൻസ് അരീനയിൽ പതുക്കെ തുടങ്ങി പിന്നീട് ആഴ്സണലിനെ മുക്കുന്ന പ്രകടനമാണ് ജർമ്മൻ ടീം പുറത്തെടുത്തത്. 11 ആം മിനുട്ടിൽ ഡച്ച് താരം ആര്യൻ റോബൻ തന്റെ ട്രേഡ് മാർക് ഇടം കാലൻ ഷോട്ടിലൂടെ ബയേണിനെ മുന്നിലെത്തിച്ചു, എന്നാൽ കോഷെൻലിയെ ബോക്സിൽ വീഴ്ത്തിയത്തിനു ലഭിച്ച പെനാൽറ്റി നൂയർ തടുത്തെങ്കിലും സാഞ്ചെസ് മികച്ചൊരു റീ ബൗണ്ടിലൂടെ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ പരിക്കേറ്റ് ക്യാപ്റ്റ്യൻ കൊഷെൻലി മടങ്ങിയതോടെ ആഴ്സണൽ പ്രതിരോധം തീർത്തും ദുർബലമായി, പിന്നീട് 53 ആം മിനുട്ടിൽ ലെവൻഡോസ്കിയും, 56,63 മിനുട്ടിൽ തിയാഗോയും, 88 ആം മിനുട്ടിൽ മുള്ളറും ബയേണിനായി ഗോൾ നേടി. ആഴ്സണൽ മധ്യനിരയും പ്രതിരോധവും തീർത്തും നിറം മങ്ങിയ മത്സരത്തിൽ അലക്സി സാഞ്ചസ് മാത്രമാണ് അൽപ്പമെങ്കിലും ബേധപെട്ട പ്രകടനം പുറത്തെടുത്തത്. ഇനി ആർസനലിന്റെ സ്വന്തം മൈതാനത്ത് അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ആർസെൻ വെങ്ങറുടെ ടീം ഇത്തവണയും കോർട്ടർ ഫൈനൽ കാണാതെ പുറത്താകും.

സാന്റിയാഗോ ബെർനാബുവിലെ 78000 വരുന്ന സ്വന്തം കാണികൾക്ക് മുന്നിൽ പിന്നിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന റയൽ മാഡ്രിഡ് ശക്തരായ നാപോളിയെ 3-1 ന് തകർത്തു. 8 ആം മിനുട്ടിൽ ലോറന്റെ ഇൻസിഗ്നയുടെ ഗോളിൽ നാപോളി മുന്നിലെത്തി. എന്നാൽ അധിക നേരം റയൽ ആക്രമണത്തെ പ്രതിരോധിക്കാൻ നാപോളിക്കായില്ല, 18 ആം മിനുട്ടിൽ കരീം ബെൻസീമയുടെ ഗോളിൽ റയൽ സമനില നേടി, മത്സരത്തിന്റെ സർവ മേഖലകളിലും ആധിപത്യം പുലർത്തിയ റയൽ രണ്ടാം പകുതിയിൽ ലീഡ് നേടി, ക്രിസ്ത്യാനോ റൊണാൾഡോയുടെ പാസ് മനോഹരമായ ഫിനിഷിലൂടെ ടോണി ക്രൂസാണ് ഗോൾ നേടിയത്. പിന്നീട് 54 ആം മിനുട്ടിൽ കാസെമിറോ അസാമാന്യ കിക്കിലൂടെ നേടിയ മൂന്നാം ഗോളോടെ നാപോളിയുടെ തിരിച്ചു വരവ് അസാധ്യമായി.
തോറ്റെങ്കിലും എവേ ഗോൾ നേടാനായ നാപോളി ഇനി സ്വന്തം മൈതാനത്തിൽ തിരിച്ചു വരാനാവും ശ്രമിക്കുക, ഇന്നലെ നടന്ന മത്സരങ്ങളുടെ രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 7 ന് നടക്കും.

Advertisement