അഞ്ചടിച്ച് ബയേൺ, നാണംകെട്ട് ആഴ്സണൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ദയനീയമായ തോൽവിയാണ്  ബയേണിൽ നിന്നും ആഴ്സണൽ ഏറ്റ് വാങ്ങിയത്. ഇന്ന് പുലർച്ചെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ 5-1ബയേൺ മ്യൂണിക്ക് ആഴ്സണലിനെ പരാജയപ്പെടുത്തി. അറുപതിനായിരത്തോളം വരുന്ന കാണികളുടെ മുന്നിൽ തകർന്നടിയാനായിരുന്നു ഗണ്ണെഴ്സിന്റെ വിധി. ആക്രമിച്ചു കളിച്ച ബവേറിയന്മാർക്ക് മുന്നിൽ ചീട്ട് കൊട്ടാരം പോലെ വെങ്ങറുടെ പ്രതിരോധനിര തകർന്നടിഞ്ഞു. ആദ്യ പാദത്തിൽ 5-1 മുന്നിട്ട് നിന്ന ബയേൺ രണ്ടാം പാദത്തിലും അതേ മാർജിനിൽ വിജയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് കളിയിലും 5-1 മാർജിനിലാണ് ആൻസലോട്ടിയുടെ  ബയേൺ മ്യൂണിക്കിന്റെ വിജയം.

ആദ്യ പകുതി കണ്ടവർക്കെല്ലാം അവിശ്വസനീയമായ രണ്ടാം പകുതി ആയിരുന്നു എമിറേറ്റ്സ് സ്റ്റേഡിയം കാത്ത് വെച്ചത്. തുടക്കത്തിൽ തന്നെ ഇരു ടീമുകളും അക്രമിച്ചു കളിചെങ്കിലും ആഴ്സണലാണ്  മികച്ചു നിന്നത്. 11 ആം മിനുട്ടിൽ തിയോ വാൽക്കോട്ട് ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും നുയെറിന്റെ മികച്ച സേവ് മ്യൂണിക്കിനു തുണയായി. എന്നാൽ 20ആം മിനുട്ടിൽ വാൽക്കോട്ട് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. വലതു ഭാഗത്തു നിന്ന് പ്രധിരോധ നിരയെ കബളിപ്പിച്ചു മുന്നേറിയ വാൽകോട്ട് മികച്ചൊരു ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ രണ്ട് അവസരങ്ങൾ കൂടി വാൽക്കോട്ടിനു ലഭിചെങ്കിലും അത് ഗോളാക്കി മാറ്റാൻ ആയില്ല. ബയേൺ ബോക്സിൽ നിന്നും സാബി അലോൺസൊ വാൽക്കോട്ടിനെ ഫൗൾ ചെയ്തത് റഫറി അനുവദിച്ചില്ല. ആദ്യപകുതി അവസാനിക്കുമ്പോൾ ആഴ്സണൽ ഒരു ഗോളിന് മുന്നിലായിരുന്നു.

53ആം മിനുട്ടിൽ ആണു കളിയുടെ ഗതിയെ മാറ്റി മറിച്ച തീരുമാനം ഉണ്ടാകുന്നത്.  ലെവൻഡോസ്‌കിയെ പെനാൽറ്റി ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനു ലോറെന്റ് കൊസെയിൽനിക്ക്  ഗ്രീക്ക്കാരനായ റഫറി ചുവപ്പു കാർഡ് കാണിച്ചു. ആദ്യം മഞ്ഞ കാർഡ് കാണിച്ച റഫറി ഗോൾ ലൈൻ റെഫറിയുടെ നിർദ്ദേശത്തിനു ശേഷം  ചുവപ്പു കാർഡ് കാണിക്കുകയായിരുന്നു.  തുടർന്ന് എടുത്ത പെനാൽറ്റി ഓസ്പിനക്കു ഒരു അവസരവും നൽകാതെ ലെവൻടോസ്കി ഗോളാക്കി മാറ്റുകയായിരുന്നു. ലെവിയുടെ ഈ സീസണിലെ 38മത്തെ ഗോൾ ആയിരുന്നു. കൊസെയിൽനിയുടെ റെഡ് കാർഡ്  കളിയുടെ ഗതി മാറ്റി.

തുടർന്ന് നടന്ന 68ആം മിനുട്ട് മുതൽ 85ആം മിനുട്ട് വരെയുള്ള 17 മിനുട്ട് ദൈർഘ്യത്തെ പാഞ്ചാലി വസ്ത്രാക്ഷേപത്തോട് ഉപമിക്കുന്നതിൽ തെറ്റില്ല. നാല് ഗോളുകളാണ് ഗണ്ണേഴ്സ് വഴങ്ങിയത്. 68ആം മിനുട്ടിൽ   സാഞ്ചസിന്റെ പിഴവിനെ മുതലാക്കി റോബൻ ബവേറിയന്മാർക്ക് വേണ്ടി അവരുടെ രണ്ടാമത്തെ ഗോൾനേടി. 78ആം മിനുട്ടിൽ ഗണ്ണേഴ്സിന്റെ മറ്റോരു പിഴവ് മുതലെടുത്ത് പകരക്കാരനായി ഇറങ്ങിയ ഡഗ്ലസ് കോസ്റ്റ ബയേണിന് മൂന്നാമത്തെ ഗോൾസമ്മാനിച്ചു. എൺപതാം മിനുട്ടിലെ ഓസ്പിനയുടെ പിഴവ് വിദാൽ മുതലാക്കി . ഒന്ന് ഡിഫെന്റ് ചെയ്യുവാൻ ഉള്ള പ്രയത്നം പോലും ആഴ്സണലിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പിന്നീട് സാഞ്ചസിന്റെ അശ്രദ്ധ മുതലെടുത്ത് വിദാൽ മറ്റൊരു ഗോൾ കൂടി നേടി ഗോൾ പട്ടിക പൂർത്തിയാക്കി.

കളി കഴിഞ്ഞതിനു ശേഷം റഫറിയുടെ തീരുമാനത്തെ പഴിക്കുകയാണു വെങ്ങർ ചെയ്തത്. അതെ സമയം വെങ്ങർക്ക് എതിരെയുള്ള പ്രതിഷേധം സ്റ്റേഡിയത്തിലും പ്രകടമായിരുന്നു.’No more contract’, ‘Bye bye wenger’ ബാനറുകളും മുദ്രാവാക്യങ്ങളും സജീവമായിരുന്നു. മാച്ചിനു മുൻപേ ഫാൻസ് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. അഗ്രിഗേറ്റ് 10-2 ന്റെ തോൽവിയാണ് ഗണ്ണേഴ്സ് ഏറ്റുവാങ്ങിയത്. തുടർച്ചയായ എഴാം തവണയാണു അവസാന 16ൽ നിന്നും ആഴ്സണൽ പുറത്താകുന്നത്. ഗണ്ണെഴ്സിന്റെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ വമ്പൻ പരാജയവും ഇതാണ്. സോഷ്യൽ മീഡിയയിൽ വെങ്ങറിനെതിരെയുള്ള ഫാൻസിന്റെ പ്രതിഷേധവും ആഴ്സണലിനെ ട്രോൾ ചെയ്തുള്ള ബയേണിന്റെയും മറ്റ് ഇംഗ്ലീഷ് ക്ലബ്ബ് ഫാൻസിന്റെ പോസ്റ്റുകൾ വൈറലാകുകയാണ്. എഫ് എ കപ്പിൽ ലിങ്കൺ സിറ്റയോടാണ്  ആഴ്സണലിന്റെ അടുത്ത മാച്ച്. ഈ ശനിയാഴ്ച ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെ ബയേൺ മ്യൂണിക്ക് നേരിടും

Advertisement