അവസാന ആണി അടിച്ച് ബയേൺ, ബാഴ്സലോണ പതനം പൂർത്തിയായി

ഇന്ന് മത്സരം ആരംഭിക്കും മുമ്പ് തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകും എന്ന് ഉറപ്പായിരുന്ന ബാഴ്സലോണയെ കൂടുതൽ വേദനിപ്പിച്ച് ബയേൺ. ഇന്ന് ഗ്രൂപ്പ് സിയിൽ ക്യാമ്പ് നുവിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ബയേൺ നേടിയത്. ആദ്യ പകുതിയിൽ തന്നെ ബയേൺ രണ്ട് ഗോളുകൾ നേടിയിരുന്നു.

20221027 020619

കളിയുടെ പത്താം മിനുട്ടിൽ ഗ്നാബറി നൽകിയ ഒരു ത്രൂ പാസ് സ്വീകരിച്ച് മുന്നേറി സാഡിയോ മാനെ ആണ് ആദ്യ ഗോൾ സ്കോർ ചെയ്തത്. 31ആം മിനുട്ടിൽ ചോപ മോടിങിലൂടെ ആയിരുന്നു ബയേണിന്റെ രണ്ടാം ഗോൾ. ഈ ഗോൾ ഒരുക്കിയത് മാനെ ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം പവാർഡിലൂടെ ബയേൺ മൂന്നാം ഗോളും കൂടെ നേടി ബാഴ്സയുടെ പതനം പൂർത്തിയാക്കി‌.

ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ബയേൺ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഇന്റർ മിലാൻ ആണ് ഈ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്ന മറ്റൊരു ടീം.

ബാഴ്സലോണ 020634

ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും. ബാഴ്സക്ക് ഇപ്പോൾ നാലു പോയിന്റ് ആണുള്ളത്. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സലോണ യൂറോപ്പ കളിക്കേണ്ടി വരുന്നത്.