വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് സെൽറ്റിക് എഫ്സിയെ പരാജയപ്പെടുത്തി. യപ്പ് ഹൈങ്കിസ് തിരിച്ചെത്തിയതിന് ശേഷം ബയേണിന്റെ തുടർച്ചയായ ആറാം ജയമാണിത്. ലെവൻഡോസ്കിയും തോമസ് മുള്ളറും ഇല്ലാതെ ഇറങ്ങിയ ബയേൺ സ്കോട്ടിഷ് ചാമ്പ്യന്മാർക്ക് മുന്നിൽ കുറച്ച് വിയർത്തു. അലയൻസ് അറീനയിൽ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ ബയേണിനെയായിരുന്നില്ല ഗ്ലാസ്ഗ്ലോവിൽ കണ്ടത്. ബയേണിന് വേണ്ടി കിംഗ്സ്ലി കോമനും ഹാവി മാർട്ടിനെസും ഗോളടിച്ചപ്പോൾ സെൽറ്റിക്കിന്റെ ആശ്വാസ ഗോൾ നേടിയത് മക്ഗ്രെഗറാണ്.

ഈ വിജയത്തോടുകൂടി തുടർച്ചയായ 7 ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ നേടുന്ന ആദ്യ ബയേൺ മ്യൂണിക്ക് കോച്ചായി മാറി. ലെവൻഡോസ്കിക്ക് പകരം ബവേറിയന്മാരുടെ അക്രമണം നയിച്ച ഹാമിഷ് റോഡ്രിഗസ് പരാജയമായിരുന്നു. രണ്ടാം പകുതിയിൽ മാത്രമാണ് റോഡ്രിഗസിന് കളിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. ബ്രെൻഡൻ റോജറുടെ സെൽറ്റിക്ക് അക്രമിച്ചാണ് തുടങ്ങിയത്. മൂസ ഡെംബെലെയും സ്റ്റുവർട്ട് ആംസ്ട്രോങും ബയേണിനെ ഗോളി ഉൾറൈക്കിനെ പരീക്ഷിച്ച് കൊണ്ടേയിരുന്നു. 22ആം മിനുട്ടിൽ കിംഗ്സ്ലി കോമനിലൂടെ ബയേൺ ലീഡ് നേടി. പന്ത് കോമന്റെ കയ്യിൽ തട്ടിയിരുന്നെന്ന് പിന്നീട് റിപ്ലെയിൽ തെളിഞ്ഞു. ബാക്കി രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. 74ആം മിനുട്ടിൽ മക്ഗ്രെഗറിലൂടെ സെൽറ്റിക്ക് സമനില നേടി. എന്നാൽ ഗാലറിയിലെ ആരവങ്ങൾ അധികം നീണ്ടില്ല. ബയേണിന്റെ ഹാവി മാർട്ടിനെസ് ലീഡുയർത്തി. ഗോളടിക്കാൻ ശ്രമിക്കുമ്പോൾ തമ്മിൽ കൂട്ടിയിടിച്ച് മാർട്ടിനെസിനും സെൽറ്റിക്കിന്റെ നീർ ബിട്ടനും പരിക്കേറ്റു. 1980തിന് ശേഷം ആദ്യമായാണ് ബയേൺ പെർഫെക്ട് ഒക്ടോബർ പൂർത്തിയാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement