
പകുതിയിൽ അധികം സമയം മെസ്സിയില്ലാതെ ഇറങ്ങിയിട്ടും ബാഴ്സക്ക് ജയം. ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ സ്പോർട്ടിങ്ങിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് കാത്തലൻ ഭീമന്മാർ മറികടന്നത്. ജയത്തോടെ 14 പോയിന്റുള്ള ബാഴ്സലോണ ഗ്രൂപ്പ് ഡി യിൽ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ 11 പോയിന്റുള്ള യുവന്റസ് രണ്ടാമതായി നോകൗട്ട് യോഗ്യത ഉറപ്പിച്ചു.
പരിക്കേറ്റ ഉംറ്റിറ്റിക്ക് പകരം വർമാലൻ പികെക്കൊപ്പം ബാഴ്സ സെൻട്രൽ ഡിഫെൻസിൽ ഇടം നേടി. മെസ്സി, ബുസ്കെറ്റ്സ്, ഇനിയെസ്റ്റ എന്നിവർക്ക് പകരം പാക്കോ അൽകാസർ, അലക്സി വിദാൽ , ആന്ദ്രെ ഗോമസ് എന്നിവരും ടീമിൽ ഇടം നേടി. ഗോൾ കീപ്പർ ടെർ സ്റ്റീഗന് പകരം സില്ലേസനും ബാഴ്സ ടീമിൽ അവസരം ലഭിച്ചു. ആദ്യ പകുതിയിൽ ബാഴ്സക്ക് ലീഡ് നേടാനായില്ലെങ്കിലും രണ്ടാം പകുതിയിൽ പാക്കോ അൽകാസറിലൂടെ അവർ ലീഡ് നേടി. 61 ആം മിനുട്ടിൽ അലക്സി വിദാലിന്റെ പകരക്കാരനായി മെസ്സി കളത്തിൽ ഇറങ്ങി. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബാഴ്സ മുൻ താരം ജെറമി മാത്യുവിന്റെ സെൽഫ് ഗോളാണ് ബാഴ്സക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. നോകൗട്ടിൽ ബേസിക്താസ്, ചെൽസി, പി എസ് ജി ടീമുകളിൽ ഏതെങ്കിലുമാവും ബാഴ്സയുടെ എതിരാളികളായി വരാൻ സാധ്യത.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial