ക്യാമ്പ് നൂവിൽ ചെൽസിയോട് പക വീട്ടി മെസ്സിയും സംഘവും

- Advertisement -

ക്യാമ്പ് നൂവിൽ ചെൽസിയെ മെസ്സിയും സംഘവും പിച്ചി ചീന്തി. എതിരില്ലാത്ത 3 ഗോളിനാണ് ബാഴ്സലോണ ചെൽസിയെ മറികടന്നത്. ഇതോടെ ഇരു പാദങ്ങളിലുമായി 4-1 ന് ജയിച്ച ബാഴ്സ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടി. ബാഴ്സക്കായി മെസ്സി 2 ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഉസ്മാൻ ഡംബലയാണ് നേടിയത്. 2012 ഇൽ തങ്ങളെ മറികടന്ന് ഫൈനലിൽ എത്തിയ ചെൽസിയോടുള്ള മധുര പ്രതികാരം കൂടിയായി ബാഴ്സക്ക് ഈ ജയം.

ചെൽസി നിരയിലേക്ക് കാഹിലിന് പകരം റൂഡിഗറും മൊറാത്തക് പകരം ജിറൂദും ഇടം നേടിയപ്പോൾ ബാഴ്സ നിരയിൽ ഡെംബലേ ആദ്യ ഇലവനിൽ തന്നെ ഇടം നേടി. പൗളീഞ്ഞോക്ക് പകരം ഇത്തവണ റാകിട്ടിച്ചും ആദ്യ ഇലവനിൽ ഇടം നേടി. ചെൽസി ഗോളിലേക്കുള്ള ആദ്യ നീക്കം തന്നെ ലക്ഷ്യത്തിലാക്കിയാണ് ബാഴ്സ മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ സുവാരസിന്റെ പാസ്സ് ഗോളാക്കി മെസ്സി ബാഴ്സക്ക് ലീഡ് നൽകി. നിയർ പോസ്റ്റിൽ മെസ്സിയുടെ അത്രയൊന്നും അപകടമില്ലാത്ത ഷോട്ട് തടയുന്നതിൽ ചെൽസി ഗോളി കോർട്ടോ പരാജയപ്പെട്ടതാണ് അവർക്ക് വിനയായത്. പിന്നീട് ചെൽസി ഏതാനും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇരുപതാം മിനുട്ടിൽ ബാഴ്സ ലീഡ് രണ്ടാക്കി. ഇത്തവണ മെസ്സിയുടെ പാസ്സ് കിടിലൻ ഫിനിഷിലൂടെ ദമ്പലയാണ് ഗോളാക്കിയത്.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ചെൽസി രണ്ടാം പകുതിയിൽ പന്ത് കൂടുതൽ കൈവശം വെക്കാൻ തുടങ്ങിയതോടെ ഇനിയെസ്റ്റയെ പിൻവലിച്ച വാൽവേർടെ പൗളീഞ്ഞോയെ കളത്തിൽ ഇറക്കി. ഇതിനിടെ ചെൽസിക്ക് അനുകൂലമായ പെനാൽറ്റി റഫറി അനുവദിച്ചതുമില്ല. പിന്നീട് ബുസ്കെറ്റ്‌സ് പരിക്കേറ്റ് പിന്മാറിയതോടെ ആന്ദ്രെ ഗോമസ് കളത്തിൽ ഇറങ്ങി. 63 ആം മിനുട്ടിൽ ആസ്പിലിക്വേറ്റയുടെ പിഴവ് മുതലാക്കി സുവാരസ് നൽകിയ പാസ്സ് ഗോളാക്കി മെസ്സി ബാഴ്സയുടെ മൂന്നാം ഗോളും മത്സരവും സ്വന്തമാകുകയായിരുന്നു. ഈ ഗോളിലും ചെൽസി ഗോളിയുടെ പിഴവ് ഉണ്ടായിരുന്നു.

ഗോൾ വഴങ്ങിയതോടെ മൊറാത്ത, സപകോസ്റ്റ എന്നിവരെ കോണ്ടേ കളത്തിൽ ഇറക്കിയെങ്കിലും ഏറെ വൈകിയിരുന്നു. പിന്നീട് പോസ്റ്റിൽ തട്ടി മടങ്ങിയ ഏതാനും ശ്രമങ്ങൾ ഒഴിച്ചാൽ ചെൽസിക്ക് കാര്യാമായ പോരാട്ടം പോലും നടത്താനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement