ചരിത്രം പിറന്ന രാത്രിയിൽ ബാർസ

- Advertisement -

ഒന്നും അസാധ്യമല്ല പ്രത്യേകിച്ചും ഫുട്ബോളിൽ. ചാമ്പ്യൻസ് ലീഗിൽ നമ്മൾ കണ്ട തിരിച്ചു വരവുകളെയൊക്കെ നിഷ്പ്രഭമാക്കി ബാഴ്സ സ്വന്തം മൈതാനത്ത് ചരിത്രം സൃഷ്ട്ടിച്ചു. ആദ്യ പാദത്തിൽ തങ്ങളെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത പി എസ് ജി യെ കണക്കിലധികം തിരിച്ചു കൊടുത്ത് ബാഴ്സ തോൽപിച്ചത് 6 – 1 എന്ന സ്കോറിന്. ചരിത്രം സൃഷ്ട്ടിച്ച മത്സരങ്ങൾ ഒരുപാട് കണ്ട ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ സമാനകളില്ലാത്ത തിരിച്ചു വരവ്. ഇനി ഇസ്‌താംബൂളിലെ ആ രാത്രി എന്നതിനൊപ്പം ക്യാമ്പ് ന്യൂവിലെ ഈ രാത്രിയും ഓർമ്മിക്കപ്പെടണം. അന്നത് ഫൈനലിലായിരുന്നെങ്കിലും മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നെയ്മർ കാണിച്ച അസാമാന്യ പ്രകടനത്തിന്റെ പേരിൽ ഈ മത്സരം ചരിത്രത്തിൽ സ്ഥാനം അർഹിക്കുന്നുണ്ട്.

മികച്ച രീതിയിലാണ് ബാഴ്സ ആദ്യ പകുതി തുടങ്ങിയത്. ആദ്യ മിനുട്ടിൽ തന്നെ ബാഴ്സ നയം വ്യക്തമാക്കി, തുടർച്ചയായി പി എസ് ജി ബോക്സിലേക്ക് ഇരച്ചു കയറിയ ബാഴ്സലോണക്ക് അതിനുള്ള പ്രതിഫലം ലഭിക്കുകയും ചെയ്തു, മൂന്നാം മിനുട്ടിൽ ബാഴ്സ ബോക്സിലേക്ക് നീട്ടിയ പാസ് ക്ലിയർ ചെയ്യുന്നതിൽ പി എസ് ജി ഗോളി ട്രാപ്പ് വൈകിയപ്പോൾ അവസരം മുതലെടുത്ത ലൂയി സുവാരസ് പന്ത് വലയിലാക്കി.
ലീഡ് നേടിയ ബാഴ്സ രണ്ടാം ഗോളിനായി കുതിച്ചപ്പോൾ പലപ്പോഴും പി എസ് ജി താരങ്ങൾ പരുക്കൻ കളി പുറത്തെടുത്തു, ആദ്യ പകുതിയിൽ തന്നെ മറ്റിയൂഡി,ഡ്രാക്സ്ലർ,കവാനി എന്നീ പി എസ് ജി താരങ്ങൾ മഞ്ഞ കാർഡ് കണ്ടു.
40 മിനുട്ടിൽ ബാഴ്സ രണ്ടാം ഗോളും നേടി, ഇത്തവണയും ബാഴ്സയുടെ ഫിനിഷിങ്ങ് മികവിനേക്കാൾ പി എസ് ജിയുടെ പ്രതിരോധ പിഴവാണ് ഗോളിലേക്ക് വഴി വച്ചത്. ഇനിയെസ്ടയുടെ ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ പി എസ് ജി ലെഫ്റ് ബാക് കഗാവക്ക് പിഴച്ചപ്പോൾ പന്ത് സ്വന്തം വലയിലെത്തി. പിന്നീടും ആദ്യ പകുതിയിൽ ബാഴ്സ ആക്രമണം തുടർന്നു, പി എസ് ജി ആവട്ടെ ലഭിച്ച അവസരങ്ങൾ മധ്യ നിരയിലെ ഒത്തിണക്കമില്ലായ്മ കാരണം എങ്ങുമെത്താതെ പോയി.

രണ്ടാം പകുതിയിൽ 50 ആം മിനുട്ടിൽ മെസ്സിയുടെ ഗോളിലൂടെ ബാഴ്സ മൂന്നാം ഗോളും നേടി, പെനാൽറ്റിയിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്. എന്നാൽ 62 ആം മിനുട്ടിൽ പി എസ് ജി കവാനിയിലൂടെ എവേ ഗോൾ കണ്ടെത്തി.

കവാനിയുടെ ഗോൾ പിറന്നതോടെ പിന്നീട് ലോകം കണ്ടത് ഫുട്ബാൾ ചരിത്രത്തിൽ തന്നെ ഇടം പിടിക്കാവുന്ന തിരിച്ചു വരവാണ് , ചാമ്പ്യൻസ് ലീഗിൽ ഇന്നേവരെ ആദ്യ പാദ മത്സരം 4 ഗോളിന് പിറകിൽ പോയ ഒരു ടീമും അടുത്ത റൗണ്ടിൽ കടന്നിട്ടില്ല, പക്ഷെ ബാഴ്സലോണയെന്ന വമ്പന്മാരെ എങ്ങനെ തളക്കണമെന്നു അറിയാതെ കുഴങ്ങിയ പി എസ് ജി പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ബാഴ്‌സയെ ആക്രമിക്കാൻ നിന്നില്ല , ബാഴ്സ പോലൊരു ടീമിനെതിരെ പിൻവലിഞ്ഞു അവർക്കു ആക്രമിക്കാൻ അവസരം സൃഷ്ട്ടിച്ച ഫ്രഞ്ച് ചാമ്പ്യന്മാർക്കു അതിനു കൊടുക്കേണ്ടി വന്ന വിലയും വലുതായിരുന്നു.

62 ആം മിനുട്ടിൽ കവാനിയുടെ ഗോളോടെ ഏതൊരു ടീമാണെങ്കിലും തകർന്ന ആത്മവിശ്വാസവുമായെ കളിക്കൂ , പക്ഷെ ആത്മവിശ്വാസം കൈവിടാതെ പൊരുതിയ ബാഴ്സ 88 ആം മിനുട്ടിൽ നെയ്മറിലൂടെ 4 ആം ഗോൾ നേടി, ഉജ്വലം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ഫ്രീകിക്ക് . പിന്നീട് 91 മിനുട്ടിൽ ലഭിച്ച പെനാൽറ്റി കിടിലനൊരു ഷോട്ടിലൂടെ നെയ്മർ വീണ്ടും പി എസ് ജി വല കുലുക്കി, സ്കോർ ഇരു പാദങ്ങളിലുമായി 5 – 5 . അപ്പോഴും എവേ ഗോൾ ആനുകൂല്യത്തിൽ പി എസ് ജി തന്നെ കോർട്ടർ കളിക്കുമെന്ന് അവസ്ഥ, പക്ഷെ അവർക്കു ഞങ്ങൾക്കെതിരെ 4 അടിക്കാമെങ്കിൽ ഞങ്ങൾക്ക് അവർക്കെതിരെ 6 അടിക്കാം എന്ന ബാഴ്സ പരിശീലകൻ ലൂയി എൻറിക്കേയുടെ വാക്ക് ഫലവത്തായ ഗോൾ പിറന്നത് 95 ആം മിനുട്ടിൽ, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഉയിർത്തെഴുന്നേറ്റു ബാഴ്സയുടെ പ്രതീക്ഷ നിലനിർത്തിയ നെയ്മർ നൽകിയ പാസ് സെർജിയോ റോബർട്ടോ വലയിൽ എത്തിച്ചപ്പോൾ പിറന്നത് ചരിത്രം.
പിന്നീടൊന്നു ശ്രമിക്കാനുള്ള സമയം പോലും പി എസ് ജിക്കു ബാക്കി ഉണ്ടായിരുന്നില്ല.

മറ്റൊരു മത്സരത്തിൽ ഡോർട്മുണ്ട് അബൂമായാങ്ങിന്റെ ഹാട്രിക് മികവിൽ ബെൻഫിക്കയെ തകർത്തു, എതിരില്ലാത്ത 4 ഗോളുകൾക്കാണ് ജർമൻ ടീം ജയം കണ്ടത്. ഇരു പാദങ്ങളിലുമായി 4 -1 ന്റെ ജയം.

 

Advertisement