മാറിയ ബാഴ്സലോണ, മാറ്റമില്ലാതെ ഫോം തുടരാൻ ബയേൺ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോര്

Nihal Basheer

Img 20220913 022434
Download the Fanport app now!
Appstore Badge
Google Play Badge 1

മാറിയ ബാഴ്സലോണ, മാറ്റമില്ലാതെ ഫോം തുടരാൻ ബയേൺ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോര്

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഒരു ബാഴ്‌സലോണ – ബയേൺ പോര്. ബയേണിന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ, കഴിഞ്ഞ സീസണുകളിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അവരോട് നേരിടേണ്ടി വന്ന തോൽവികളെ മായ്ച്ചു കളയാനുള്ള പ്രകടനം പുറത്തെടുക്കാൻ ബാഴ്‌സലോണ ഇറങ്ങുന്നു. അതേ സമയം അടുത്ത കാലത്ത് ബാഴ്‌സയെ തോൽപ്പിക്കുന്നത് പുത്തരിയല്ലാത്ത ബയേൺ സ്വന്തം തട്ടകത്തിൽ ഒരിക്കൽ കൂടി തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കാനുള്ള വെമ്പലിലാണ്. മരണ ഗ്രൂപ്പിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ഓരോ മത്സരവും നിർണായകമാണ്. ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലാണ്.

ബുണ്ടസ് ലീഗ

ടീം: അവസാന വട്ടം മുഖാമുഖം വന്നതിൽ നിന്നും ഇരു ടീമുകൾക്കും കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. ബാഴ്‍സക്കാണ് കാതലായ മാറ്റങ്ങൾ സംഭവിച്ചത്. വർഷങ്ങളായി ബയേണിന്റെ ഗോളടി യന്ത്രമായിരുന്ന ലെവെന്റോവ്സ്കി ഇപ്പോൾ ബാഴ്‌സയുടെ കുപ്പായത്തിൽ തന്റെ സ്കോറിങ് പാടവം പുറത്തെടുക്കുന്നു. താരത്തിന് പകരം ബയേൺ ടീമിൽ എത്തിച്ച മാനെയും ഗോൾ നേടുന്നതിൽ ഒട്ടും പിന്നിലല്ല. പ്രതിരോധം പൂർണമായി ഉടച്ചു വാർത്താണ് ബാഴ്‌സ പുതിയ കുതിപ്പ് നടത്തുന്നത്. കുണ്ടേ, അരാഹുവോ, എറിക് ഗർഷ്യ, ക്രിസ്റ്റൻസൻ, ബാൾടേ എല്ലാം അടങ്ങിയ നിരക്ക് യഥാർത്ഥ പരീക്ഷണം ആവും ഈ മത്സരം.

കുണ്ടേ, അരാഹുവോ, എറിക് ഗർഷ്യ തന്നെ ആദ്യ ഇലവനിൽ എത്തും. അൽഫോൻസോ ഡേവി സിനെ പിടിക്കാനുള്ള ചുമതല കുണ്ടേയെ തന്നെ സാവി എൽപ്പിച്ചേക്കും. ലെഫ്റ്റ് ബാക്കിൽ അടുത്ത കാലത്തെ മികച്ച ഫോമിന്റെ ബലത്തിൽ ബാൾടേക്ക് സാവി ഒരിക്കൽ കൂടി അവസരം നൽകിയേക്കാമെങ്കിലും, കൂടുതൽ അനുഭവ സമ്പത്താണ് പരിഗണിക്കുന്നത് എങ്കിൽ ആൽബയോ മർക്കോസ് ആലോസൻസോയോ എത്താനും സാധ്യതയുണ്ട്. പെഡ്രി, ബാസ്ക്വറ്റ്‌സ് എന്നിവർക്കൊപ്പം ഗവി തന്നെ മധ്യനിരയിൽ എത്തും. ഫ്രാങ്കി ഡിയോങ്, കെസ്സി എന്നിവർ ബെഞ്ചിൽ നിന്നും മത്സരം ആരംഭിച്ചേക്കും. ആൻസു ഫാറ്റി ഗോൾ കണ്ടെത്തുന്നുണ്ടെങ്കിലും സാവിയുടെ വിശ്വസ്ത ത്രയമായ ഡെമ്പലെ-ലെവെന്റോവ്സ്കി-റാഫിഞ്ഞ തന്നെ അക്രമണത്തിന് ചുക്കാൻ പിടിക്കും.

ബയേൺ നിരയിൽ കോമാന് പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്നാബറി, മുള്ളർ, സാനെ, മാനെ എന്നിവർ തന്നെ ആക്രമണത്തിന് ചുക്കാൻ പിടിക്കും. ഗോൾ കണ്ടെത്തുന്ന യുവതാരം മാത്തിസ് ടെലിന് അവസരം ഉറപ്പില്ല. കളി മെനയാൻ മുസ്യാലയും സഹായത്തിന് കിമ്മിച്ചും സാബിറ്റ്സറും എത്തും. ഗോറെട്സ്കയും ഗ്രാവൻബെർഷും ബെഞ്ചിൽ നിന്നും ടീമിന് കരുത്തു പകരാൻ വരും. പ്രതിരോധത്തിൽ ലൂക്കസ് ഹെർണാണ്ടസിന് കൂട്ടായി ഡി ലിറ്റോ ഉപമേങ്കാനോയോ ആവും വരിക. ഫുൾ ബാക്ക് സ്ഥാനത്ത് പതിവ് പോലെ ബാഴ്‌സക്ക് തലവേദന സ്രഷ്ടിക്കാൻ അൽഫോൺസോ ഡേവിഡ് എത്തും. മറുവശത്ത് പവാർഡോ മാസ്രൗയിയോ ആണ് ബയേണിന് അണിനിരത്താൻ ഉള്ളത്. പതിവ് പോലെ ഗോൾ വലക്ക് കീഴിൽ ജർമനിയുടെ ഒന്നും രണ്ടും കീപ്പർമാർ തമ്മിലുള്ള പോരാട്ടമാണ്. റ്റെർ സ്റ്റഗൻ സീസൺ ആരംഭിച്ച ശേഷം അപാരമായ ഫോമിലാണ്.

20220910 233452

ഫോം : സമനിലയുമായി ലീഗ് ആരംഭിച്ച ശേഷം പിന്നീട് ബാഴ്‌സലോണ തിരിഞ്ഞു നോക്കിയിട്ടില്ല. ഗോളടിച്ചു കൂട്ടി മുന്നേറുകയാണ് സാവിയുടെ ടീം. ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയാ പ്ലെസനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചു.
ബയേണിനും ആദ്യ മത്സരത്തിൽ ഇന്റർ മിലാനെ തോല്പിക്കാൻ ആയിരുന്നു. എന്നാൽ ലീഗിൽ അത്ര പന്തിയല്ല കാര്യങ്ങൾ. അവസാന മത്സരത്തിൽ സ്റ്റുഗർട്ടിനോട് സമനിലയിൽ പിരിഞ്ഞു. ആറു മത്സരങ്ങളിൽ നിന്നും മൂന്ന് വീതം ജയവും സമനിലയും ആണ് കൈമുതൽ.

വിജയിക്കുന്ന ടീമിന് മരണ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്നതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ആവും ഇരു ടീമുകളും ഇറങ്ങുക. ലെവെന്റോവ്സ്കിയുടെ അല്ലിയൻസ് അരീനയിലെക്കുള്ള മടങ്ങി വരവിന് ഇരു ടീമിന്റെയും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.