കണക്കു തീർക്കാൻ ബാഴ്സ; കരുത്ത് ആവർത്തിക്കാൻ യുവന്റസ്

യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ തിരഞ്ഞെടുക്കാനുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ ഗ്രൂപ്പ് ഡി യിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. സമീപകാലത്ത് ഫൈനലിലും നോകൗട്ട് ഘട്ടത്തിലുമൊക്കെ ഏറ്റുമുട്ടിയ ബാഴ്സയും യുവന്റസും ഇന്ന് വീണ്ടും ക്യാമ്പ് നൂവിൽ അണിനിരക്കും.

ബാഴ്സയും,യുവേയും, ഒളിമ്പിയാക്കോസും ,സ്പോർട്ടിങ്ങും അടങ്ങുന്ന ഗ്രൂപ്പ് ഡി യിൽ രണ്ടാം റൗണ്ടിലേക്ക് കടക്കാൻ ഏറ്റവും സാധ്യതയുള്ള രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം അതുകൊണ്ടു തന്നെ ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്നതിൽ അടക്കം നിർണായകമാകും. ട്രാൻസ്ഫർ മാർക്കറ്റിൽ അടക്കം നേരിട്ട തിരിച്ചടികൾക്കിടയിലും ല ലീഗെയിൽ മികച്ച തുടക്കം നേടാനായതിന്റെ ആത്മാവിശ്വാസത്തിലാവും കാത്തലൻസ് ഇന്ന് സ്വന്തം മൈതാനത്ത് ഇറ്റാലിയൻ ജേതാക്കളെ നേരിടാനിറങ്ങുക. ല ലീഗെയിൽ 3 മത്സരങ്ങളിൽ മൂന്നിലും ജയിച്ചു വരുന്ന മെസ്സിയും സംഘവും ഇതുവരെ ലീഗിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടുമില്ല. പക്ഷെ യുവന്റസും സീരി എ യിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളും ജയിച്ചാണ് വരവ്. അതുകൊണ്ടു തന്നെ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമാവും ഇന്നത്തേത്.

മെസ്സിയുടെ മികച്ച ഫോം തന്നെയാവും ഇന്ന് ബാഴ്സയുടെ കരുത്ത്, യുവന്റസ് നിരയിൽ അർജന്റീനക്കാരൻ തന്നെയായ ഡിബാലയുടെ ഫോം അവർക്കും തുണയായേക്കും. യുവേ നിരയിൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട കോഡറാഡോക്ക് കളിക്കാനാവില്ല. കൂടാതെ പരിക്കേറ്റ മൻസൂക്കിച്, അലക്സ് സാൻഡ്രോ എന്നിവർ കളിക്കുമോ എന്ന് ഉറപ്പുമില്ല. ബനൂച്ചിയുടെ വിട വാങ്ങലോടെ അൽപമെങ്കിലും ദുർബലമായ യുവന്റസ് പ്രതിരോധത്തിന് നേരിടുന്ന ശക്തമായ വെല്ലുവിളി തന്നെയാവും ഇന്നത്തെ മത്സരം. പക്ഷേ നെയ്മറിന്റെ പാരീസിലേക്കുള്ള മാറ്റത്തോടെ ബാഴ്സ മുന്നേറ്റ നിരയിലുണ്ടായ വിടവ് നികത്താനുള്ള സമയം ലഭിക്കും മുൻപേ വരുന്ന കടുത്ത എതിരാളികൾ ബാഴ്സ പരിശീലകൻ വാൽവേർടേക്കും സമ്മർദം സൃഷ്ടിച്ചേക്കും. പുത്തൻ താരങ്ങളായ ഔസ്മാൻ ദമ്പലെയും ,പൗളീഞ്ഞോയും ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയില്ല. ബാഴ്സ നിരയിൽ കാര്യമായ പരിക്കുകൾ ഇല്ല എന്നത് അവർക്ക് ആശ്വാസം തന്നെയാവും.

ഇതേ ഗ്രൂപ്പ് ഡി യിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഗ്രീക്ക് ജേതാക്കളായ ഒളിമ്പിയാക്കോസ് പോർച്ചുഗലിൽ നിന്നുള്ള സ്പോർട്ടിങ് സി പി യെ നേരിടും. ഗ്രീസിൽ വച്ചു നടക്കുന്ന മത്സരത്തിൽ ജയിച്ചു വമ്പന്മാർ അടങ്ങുന്ന ഗ്രൂപ്പിൽ സാധ്യതകൾ നിലനിർത്താനാവും ഇരു ടീമുകളുടെയും ശ്രമം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial