ഇത് ചാമ്പ്യൻസ് ലീഗ് ജയിക്കേണ്ട ഗോൾ!! ഫൈനൽ തന്റെ പേരിലാക്കി ബെയ്ൽ

- Advertisement -

ഇന്ന് 62ആം മിനുട്ടിൽ ബെയിൽ ഇറങ്ങി 122 സെക്കൻഡുകൾക്കുള്ളിലാണ് ആ അത്ഭുത ഗോൾ പിറന്നത്. കഴിഞ്ഞ മാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്ത അത്ഭുത ഗോളിനോട് കിടപിടിക്കുന്ന മറ്റൊരു ബൈസൈക്കിൾ ഗോൾ.

ഇടതു വിങ്ങിൽ നിന്ന് മാർസേലോ കൊടുത്ത ക്രോസ് ബെയിലിന് എത്താവുന്നതിലും ദൂരെയാണെന്ന ചിന്ത പ്രേക്ഷകരുടെ മനസ്സിൽ ഉയരും മുമ്പ് തന്നെ ആ‌ക്രൊബാറ്റിക്ക് ശ്രമം വന്നിരുന്നു. മികച്ച ടൈമിംഗും സ്ട്രൈക്കും പന്ത് ലിവർപൂൾ വലയിലേക്ക് തന്നെ എത്തിച്ചു. 2002 ഫൈനലിൽ റയലിനായി കളിച്ചിരുന്ന സിദാൻ സ്കോർ ചെയ്ത ചരിത്ര ഗോളിനോടും മത്സരിക്കാൻ പോന്ന ഒരു സ്ട്രൈക്കായിരുന്നു ഇത്.

രണ്ട് ഫൈനലുകളിൽ സ്കോർ ചെയ്യുന്ന ആദ്യ വെൽഷ് താരം എന്ന റെക്കോർഡിനൊപ്പം റൊണാൾഡൊ, റൗൾ, എറ്റൊ, മെസ്സി, മാൻസുകിച്, റാമോസ് എന്നീ താരങ്ങൾക്കൊപ്പം രണ്ട് ഫൈനലുകളിൽ സ്കോർ ചെയ്ത ചുരുക്കം താരങ്ങളൂടെ ലിസ്റ്റിലും ബെയിൽ എത്തി. 2014 ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ആയിരുന്നു ബെയിലിന്റെ ആദ്യ ഫൈനൽ ഗോൾ. അതും ഗംഭീര ഗോളായിരുന്നു.

ബെയിലിന്റെ രണ്ടാം ഗോൾ ലിവർപൂൾ ഗോൾകീപ്പറിന്റെ പിഴവായി കണക്കാക്കപ്പെടുമെങ്കിലും ആ സ്ട്രൈക്കും മികച്ചതായിരു‌ന്നു. ഇന്ന് ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ റയൽ മാഡ്രിഡ് നിരയിൽ ബെയിലിനെ കാണാത്തതിൽ സിദാനെ സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലെ മത്സരത്തിനു മുന്നോടിയായുള്ള പരിപാടികളിലും ഫുട്ബോൾ നിരീക്ഷകർ വിമർശിക്കുന്നുണ്ടായിരുന്നു. ആ വിമർശനം ബെയിലിന്റെ അവസാന ആഴ്ചകളിലെ ഫോം അത്ര മികച്ചതായത് കൊണ്ടായിരുന്നു . ഇനിയും ബെഞ്ചിൽ ഇരിക്കേണ്ട താരമല്ല താനെന്ന് സിദാനെ ഓർമ്മിപ്പിക്കുക കൂടെ ചെയ്യുകയാണ് ബെയിൽ ഈ ഫൈനലിലെ പ്രകടനത്തിലൂടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement