ഓബ്മെയാങ്ങിന്റെ ഹാട്രിക്കിൽ ഡോർട്ട്മുണ്ട്

ചാമ്പ്യൻസ് ലീഗിൽ ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബെനിഫിക്കയെ ബൊറുസിയ ഡോർട്ട്മുണ്ട് തകർത്തു.ആദ്യ പാദ മത്സരത്തിൽ ഒരു ഗോളിനു ജയിച്ചു നിന്ന പോർച്ചുഗീസ് ബെനിഫിക്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഡോർട്ട്മുണ്ട് പുറത്തെടുത്തത്.ഇതോടെ അഗ്രിഗേറ്റ് സ്കോർ 4-1മായി ക്വാട്ടറിലേക്ക് ബ്ലാക്ക് ആൻഡ് വൈറ്റ്സ് കുതിച്ചു.ഓബ്മെയാങിന്റെ ഹാട്രിക്കും പൾസിക്കിന്റെ മികച്ച പ്രകടനവും കൂടിയായപ്പോൾ കാഴച്ചക്കാരായി നിൽക്കാനെ റൂയി വിട്ടോറിയയുടെ ഈഗിൾസിനു സാധിച്ചുള്ളു.

വെസ്റ്റ്ഫാലൻ സ്റ്റേഡിയോനിൽ യെല്ലോ വാൾ ഉയർന്നപ്പോൾ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 4ആം മിനുട്ടിൽ ഓബ്മെയാങ് ഡോർട്ട്മുണ്ടിനു വേണ്ടി ആദ്യ ഗോൾ നേടി.പരിക്ക് കാരണം മരിയോ ഗോട്സേയും മാർക്കോ റൂസും കളിക്കാതിരുന്ന മാച്ചിൽ റൂസിനു പകരമെത്തിയ ക്രിസ്റ്റ്യൻ പൾസിക് നിറഞ്ഞാടി.തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം മാച്ചിലേക്ക് തിരിച്ചു വന്ന ബെനിഫിക്ക ആദ്യപകുതിയിൽ മറ്റൊരു ഗോളിനനുവദിച്ചില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഓബ്മെയാങ്ങിന്റെ രണ്ട് കിടിലൻ ഷോട്ടുകൾ ബെനിഫിക്കയുടെ ബ്രസീലിയൻ ഗോളി തടഞ്ഞു.എന്നാൽ 59ആം മിനുട്ടിൽ പൾസിക് തന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ നേടിയപ്പോൾ‌ ഗോളി കാഴച്ചക്കാരനായി.ചാമ്പ്യൻസ് ‌ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡോർട്ട്മുണ്ട് താരമായി മാറി 18കാരനായ അമേരിക്കൻ പൾസിക്. രണ്ട് മിനുട്ടിനു ശേഷം ഓബ്മെയാങ്ങ് തന്റെ രണ്ടാമത്തേ ഗോൾ നേടി.പിന്നീട് മാച്ചിലേക്ക് തിരിച്ചു വരാൻ ബെനിഫിക്ക ശ്രമിച്ചില്ല.85ആം മിനുട്ടിൽ യെല്ലോ വാളിനെ സാക്ഷി നിർത്തി ഓബ്മെയാങ്ങ് തന്റെ ഹാട്രിക്ക് തികച്ചു.ഓബ്മെയാങ്ങിന്റെ ഹാട്രിക്കിനേക്കാൾ ഉപരി പൾസികിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ഏവരേയും അതിശയിപ്പിച്ചത്.

ബുണ്ടസ് ലീഗയിൽ 11ആം തീയ്യതി ഹെർത ബെർലിനോടാണ് തോമസ് ടഹലിന്റെ ബൊറുസിയ ഡോർട്ട്മുണ്ടിന്റെ അടുത്ത മാച്ച്.