റൊണാൾഡോയും സംഘവും ഇന്ന് മാഡ്രിഡിൽ

ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ട് മത്സരത്തിൽ ഇറ്റാലിയൻ വമ്പനമാരായ യുവന്റസ് അത്ലറ്റികോ മാഡ്രിഡിനെ നേരിടും. സീരി എയിൽ കുതിപ്പ് തുടരുന്ന യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുറച്ച് തന്നെയാണ്. അതെ സമയം തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടുക എന്ന ലക്‌ഷ്യം വെച്ചാവും അത്ലറ്റികോ ഇറങ്ങുക. റയൽ മാഡ്രിഡിൽ നിന്ന് വിട്ടതിന് ശേഷം ആദ്യമായി റൊണാൾഡോ മാഡ്രിഡിൽ എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

3 തവണ ഫൈനലിൽ എത്തിയിട്ടും കിരീടം നേടാനാവാതെ പോയതിന്റെ നാണക്കേടും പേറിയാണ് അത്ലറ്റികോ ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നത്. അതെ സമയം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റവും കൂടുതൽ തോൽവിയേറ്റു വാങ്ങിയ റെക്കോർഡ് യുവന്റസിനാണ്.  7 തവണയാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റത്.

അത്ലറ്റികോ നിരയിൽ പരിക്ക് മാറി കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയ കോസ്റ്റ ഇന്ന് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ജനുവരിയിൽ പരിക്കേറ്റ കോകെയും ഇന്ന് ടീമിൽ ഇടം കണ്ടെത്തിയേക്കും. യുവന്റസ് നിരയിൽ ഡിബാല കളിക്കുമെന്ന് പരിശീലകൻ അല്ലെഗ്രി വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം ഖദീര ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല.

Exit mobile version