വാറിനും രക്ഷിക്കാനായില്ല, മാഡ്രിഡിൽ റൊണാൾഡോയും യുവന്റസും തരിപ്പണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് യുവന്റസിനെ മാഡ്രിഡിൽ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ വാറിന് വരെ ആയില്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് യുവന്റസിനെ പരാജയപ്പെടുത്തിയത്. ലോകത്തെ രണ്ട് മികച്ച ഡിഫൻസുകളുടെ പോരാട്ടം കൂടിയായിരുന്നു ഇന്നത്തേത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒന്നും ഇരുടീമുകളും സൃഷ്ടിച്ചില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഫ്രീ കിക്ക് മാത്രമായുരുന്നു ആദ്യ പകുതിയിൽ പ്രധാന ഗീക്ക് ശ്രമം. ആ ഫ്രീകിക്ക് ഒരു മാരക സേവിലൂടെ ഒബ്ലക് തടഞ്ഞു. രണ്ടാം പകുതിയിൽ കളി ഹോം ടീമായ അത്ലറ്റിക്കോ മാഡ്രിഡിന്റെ കയ്യിലായി. കളിയുടെ 70ആം മിനുട്ടിൽ മൊറാട്ടയിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് മുന്നിൽ എത്തിയതായിരുന്നു. പക്ഷെ വാർ ഒരു ഫൗൾ ആരോപിച്ച് ആ ഗോൾ നിഷേധിച്ചു. വാറിന്റെ തെറ്റായ തീരുമാനമായി അത് തോന്നിപ്പിച്ചു.

ആ തെറ്റായ വിധിയിൽ അത്ലറ്റിക്കോ മാഡ്രിഡ് തകർന്നില്ല. കൂടുതൽ ശക്തിയായ മുന്നേറ്റങ്ങളിലൂടെ രണ്ട് ഗോളുകൾ യുവന്റസ് വലയിൽ എത്തിക്കാൻ അത്ലറ്റിക്കോയ്ക്ക് ആയി. അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് ഡിഫൻഡേഴ്സാണ് ഗോളുമായി എത്തിയത്. ആദ്യം ഗിമിനസ് ആണ് കോർണറിൽ നിന്ന് ഗോൾ നേടിയത്. ആ ലീഡ് മിനുട്ടുകൾക്കകം രണ്ടാക്കി ഉയർത്താൻ സിമിയോണിയുടെ ടീമിനായി. ഗോഡിൻ ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടാം ഗോൾ നേടിയത്.

ഈ വിജയം അത്ലറ്റിക്കോ മാഡ്രിഡിന് രണ്ടാം പാദത്തിൽ വൻ മുൻ തൂക്കം തന്നെ നൽകുന്നു.